ആറളം ഫാമിലെ പുഴയോരത്ത് പട്ടികവർഗ കുടുംബങ്ങൾ ഭൂമിയില്ലാതെ കഴിയുന്നെന്ന വാർത്ത വസ്തുതാവിരുദ്ധം


കണ്ണൂർ ആറളം ഫാമിലെ ബ്ലോക്ക് 13-ൽ 55 പ്രദേശത്ത് പുഴയോരത്തായി പണിയ വിഭാഗത്തിൽപ്പെട്ട 28 കുടുംബങ്ങൾ ഭൂമിയും വീടുമില്ലാതെ താൽക്കാലിക ഷെഡുകളിൽ ദുരിതത്തിൽ കഴിയുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധം.


ഈ പ്രദേശത്ത് കഴിയുന്ന മിക്ക കുടുംബങ്ങൾക്കും ആറളം പുനരധിവാസ മേഖലയിലോ സമീപത്തെ ഉന്നതികളിലോ സ്വന്തമായി ഭൂമിയും വീടുമുണ്ട്. ഇവരുടെ ജീവിതശൈലിയുടെ ഭാഗമായി മീൻപിടുത്തത്തിനും മറ്റുമായി മഴക്കാലം കഴിയുമ്പോൾ പുഴയോരത്ത് താൽക്കാലികമായി താമസിക്കുന്നതാണിവർ. ഇവർക്ക് ഭൂമിയില്ലെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.


നിലവിൽ 28 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 10 കുടുംബങ്ങൾ ആറളം ഫാമിൽ ഭൂമിയും വീടുമുള്ളവരുടെ മക്കളോ കൊച്ചുമക്കളോ ആണ്. 3 കുടുംബങ്ങൾക്ക് ബ്ലോക്ക് 13-ൽ തന്നെ മുൻപ് ഭൂമി അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള 15 കുടുംബങ്ങൾ ചതിരൂർ 110 ഉന്നതിയിൽ നിന്നും എത്തിയവരാണ്. ആറളം ഫാമിലും സമീപത്തും മികച്ച വീടുകൾ ഉള്ളവർ പോലും ഓരോ വർഷവും മഴക്കാലം കഴിയുന്നതോടെ മീൻ പിടിക്കുന്നതിനും പുഴയോരത്തെ വിഭവങ്ങൾ ശേഖരിക്കുന്നതിനുമായി താൽക്കാലിക ഷെഡുകൾ കെട്ടി ഇവിടെ താമസിക്കാറുണ്ട്. ഇത് അവരുടെ പാരമ്പര്യമായ ജീവിതരീതിയുടെ ഭാഗമാണ്.


പുഴയോരത്ത് കഴിയുന്നവരുടെ പ്രശ്നങ്ങൾ പഠിക്കാൻ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ നേരത്തെ തന്നെ സ്ഥലത്തെത്തുകയും ഡിസംബർ 29-ന് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ ചതിരൂരിൽ താമസിക്കാൻ താൽപ്പര്യപ്പെട്ട 13 കുടുംബങ്ങൾക്ക് അവിടെ ഭൂമി നൽകാൻ തീരുമാനിക്കുകയും അതിന്റെ അളന്നു തിരിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, നവജീവൻ നഗറിലേക്ക് മാറാൻ താൽപ്പര്യമുള്ള 9 പേർക്ക് അവിടെയുള്ള ഒഴിഞ്ഞ വീടുകൾ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നു.


പാരമ്പര്യമായി ഭൂമി ലഭിച്ചവരുടെ പിൻഗാമികളായ ഉപകുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിന് നയപരമായ തീരുമാനം ആവശ്യമാണ്. എങ്കിലും, നിലവിലെ 28 കുടുംബങ്ങളിൽ ഭൂമി ലഭിക്കാത്തവർക്ക് അവരുടെ ജീവിതരീതികൾ പരിഗണിച്ച് പുഴയോരത്തിന് സമീപം തന്നെ ഭൂമി നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.


ആറളം ഫാമിലെ പുഴയോരത്ത് കഴിയുന്നവർ ഭൂരഹിതരാണെന്നും സർക്കാർ അവരെ അവഗണിക്കുന്നുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. അർഹരായവർക്ക് ഭൂമിയും വീടും നൽകുന്നതിനുള്ള നടപടികൾ സർക്കാർ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുത്.