മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ധനസഹായം തുടരും; തെറ്റായ വാർത്തകൾ വിശ്വസിക്കരുത്
മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ദിനബത്ത വൈകുന്നു എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ അടിസ്ഥാനമില്ല.
ഡിസംബർ മാസം വരെയുള്ള തുക ഇതുവരെ കൃത്യമായി അനുവദിച്ചിട്ടുണ്ട്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതു വരെ സഹായം തുടരുമെന്ന് സംസ്ഥാന സർക്കാർ മുന്‍പ് പ്രഖ്യാപിച്ചതാണ്. അത് തുടരുക തന്നെ ചെയ്യും.
പുതിയ വർഷത്തെ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ തന്നെ ഇറങ്ങും. അത് ഇറങ്ങിയ ഉടൻ തന്നെ 2026 ജനുവരി മാസത്തെ തുക നൽകും. ഈ ഇനത്തിൽ ഇതുവരെ ആകെ നൽകിയ തുക പതിനഞ്ച് കോടി അറുപത്തിനാല് ലക്ഷത്തി പതിനായിരം രൂപയാണ്. (Total amount: 15,64,10,000/-)
വീട് നഷ്ടമായി വാടകവീട്ടിൽ കഴിയുന്നവരെ സഹായിക്കുന്നതിനായി 2024 ആഗസ്തിൽ 813 പേർക്ക് 6000 രൂപ വീതം വാടകപ്പണം നൽകി. പിന്നീട് സ്വന്തം വീടുകളിലേക്ക് പലരും തിരിച്ചുപോയി. ബാക്കിയുണ്ടായിരുന്ന 425 പേർക്ക് ഡിസംബർ മാസവും വാടകപ്പണം കൊടുത്തു. ഇത്രയും കാലമായി ജനങ്ങളെ സഹായിക്കുന്നതിൽ ഒരു കുറവും സർക്കാർ വരുത്തിയിട്ടില്ല, ഇനി വരുത്തുകയുമില്ല. ധനസഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന മാധ്യമ പ്രചാരണം തെറ്റാണെന്നും ബോധപൂർവം ജനങ്ങൾക്കിടയിൽ ആശങ്കപരത്താനാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്.
ദുരന്തനിവാരണ പ്രവർത്തനങ്ങളിലും പുനർനിർമാണ പ്രവർത്തനങ്ങളിലും അതിവേഗത്തിൽ എല്ലാവരെയും കൂട്ടിയിണക്കിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. 289 വീടുകളിൽ വാർപ്പ് പൂർത്തീകരിച്ചു. 300 വീടുകളിലേക്ക് കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം പൂർത്തിയായി. 312 ഇടങ്ങളിൽ ഫൗണ്ടേഷൻ പൂർണമായി. ടൗൺഷിപ്പ് നിർമാണം അതിവേഗം പൂർത്തീകരിക്കും.
ദുരന്തബാധിതർക്ക് അവരുടെ ജീവനോപാധികൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ പ്രാഥമികമായി മൂന്നു മാസം വരെ ദുരന്തനിവാരണ ഫണ്ടിലെ പണം ഉപയോഗിച്ച്, ഒരു കുടുംബത്തിലെ രണ്ട് മുതിർന്ന അംഗങ്ങൾക്ക് ദിവസം 300 രൂപ വീതം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. 2024 ആഗസ്ത് മുതൽ ഈ പണം നൽകി വരുന്നുണ്ട്. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി ഈ തുക നൽകി. ആദ്യം ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഈ തുക നൽകി. അതിനുശേഷം ജീവനോപാധിയില്ലാതെ കഷ്ടപ്പെടുന്ന അർഹരായവരെ കണ്ടെത്തുകയും അവർക്ക് കഴിഞ്ഞ ഡിസംബർ വരെ തുക നൽകുകയും ചെയ്തു. 656 കുടുംബങ്ങളിലെ1185 ആളുകൾക്കാണ് പണം നൽകിയത്. ജനുവരി മാസത്തിൽ നൽകാനുള്ള തുകയുടെ ഉത്തരവ് ഈ മാസം പുറത്തിറങ്ങിയാല്‍ ഉടൻ തുക നൽകുമെന്നും റവന്യു മന്ത്രി കെ. രാജൻ വ്യക്തമാക്കി.













