സംസ്ഥാന ധനസ്ഥിതി ഖജനാവ് സുരക്ഷിതം: വസ്തുതകളും യാഥാർത്ഥ്യവും
സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും ഖജനാവിന്റെ അവസ്ഥയെക്കുറിച്ചും ഉയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തികച്ചും വസ്തുതാവിരുദ്ധമാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സാമ്പത്തിക വർഷത്തെ ആകെ ചെലവ് 2 ലക്ഷം കോടി രൂപ കടക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളത്.
കഴിഞ്ഞ കാലയളവുകളെ അപേക്ഷിച്ച് വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന തുകയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2016ന് മുൻപ് ശരാശരി 70,000 കോടി രൂപയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയുമായിരുന്ന വാർഷിക ചെലവ് നിലവിലെ സർക്കാരിന്റെ കാലത്ത് 1.72 ലക്ഷം കോടി രൂപയായി ഉയർന്നു.
ഈ സർക്കാരിന്റെ കാലാവധിയിൽ മാത്രം ക്ഷേമ പെൻഷൻ ഇനത്തിൽ ജനങ്ങളിലേക്ക് എത്തിച്ചത് ഏകദേശം 50,000 കോടി രൂപയാണ്. ഇത് ഭരണകാലാവധി പൂർത്തിയാകുമ്പോൾ 54,000 കോടി രൂപയാകുമെന്ന് കണക്കാക്കുന്നു. മുൻ സർക്കാരിന്റെ കാലത്ത് ഇത് വെറും 10,700 കോടി രൂപ മാത്രമായിരുന്നു. കേന്ദ്ര വിഹിതങ്ങളിൽ വലിയ നിയന്ത്രണങ്ങൾ നേരിടുമ്പോഴും തനത് വരുമാനം വർദ്ധിപ്പിച്ചാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കുന്നത്. ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന് പകരം, വികസനത്തിന് ആനുപാതികമായി വരുമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ ആകെ കടം ജി.എസ്.ഡി.പിയുടെ 39 ശതമാനത്തിൽ നിന്ന് 34 ശതമാനത്തിന് താഴേക്ക് കുറയ്ക്കാൻ സർക്കാരിന് സാധിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് പുറമെ, മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി, യുവാക്കൾക്കായുള്ള 'കണക്ട് ടു വർക്ക്' സ്കോളർഷിപ്പ്, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി നടപ്പിലാക്കിവരുന്നു.
രണ്ട് ലക്ഷം കോടി രൂപയുടെ വിനിമയം നടക്കുന്ന സംസ്ഥാന ഖജനാവിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വികസന പ്രവർത്തനങ്ങളെ താഴ്ത്തിക്കെട്ടാനാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കുന്നു. വസ്തുതകൾ പരിശോധിക്കാതെ നടത്തുന്ന ഇത്തരം പ്രചരണങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുത്.













