മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; വ്യാജ പരസ്യങ്ങളിൽ വീഴരുത്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി ഉപയോഗപ്പെടുത്തി പുതിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രമുഖരുടെ ചിത്രങ്ങൾ നൽകി വിശ്വാസ്യത ഉറപ്പാക്കി പൊതുജനങ്ങളെ കബളിപ്പിക്കുന്ന ഈ രീതിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിഭാഗം അറിയിച്ചു.
വേഗത്തിൽ പണം സമ്പാദിക്കാം എന്നരീതിയിലുള്ള വ്യാജ പരസ്യങ്ങളിൽ മുഖ്യമന്ത്രിയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ തട്ടിപ്പ് തിരിച്ചറിയാതെ പലരും പരസ്യത്തിലെ ലിങ്കിലോ ബട്ടണിലോ ക്ലിക്ക് ചെയ്യുന്നു. തുടർന്ന് മൊബൈൽ ഫോണിലെ UPI ആപ്പ് തനിയെ തുറക്കുകയും സ്ക്രീനിൽ ഒരു നിശ്ചിത തുക കാണിക്കുകയും ചെയ്യുന്നു. ഇത് പണം ലഭിക്കാനുള്ള പേജ് ആണെന്ന് കരുതി ഉപയോക്താവ് രഹസ്യ പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നു.
സോഷ്യൽ മീഡിയയിൽ കാണുന്ന "പണം സമ്പാദിക്കാനുള്ള എളുപ്പവഴികൾ", പ്രമുഖരുടെ ചിത്രങ്ങൾ വെച്ചുള്ള വാഗ്ദാനങ്ങൾ എന്നിവ സൈബർ തട്ടിപ്പുകളുടെ ഭാഗമാണ്. യഥാർത്ഥത്തിൽ ഇത് പണം ലഭിക്കാനുള്ള പേജല്ല, മറിച്ച് തട്ടിപ്പുകാർ അയക്കുന്ന 'Request Payment' പേജാണ്. UPI ആപ്പുകൾ ഉപയോഗിക്കുമ്പോൾ PIN നൽകുന്നത് പണം അയയ്ക്കാൻ വേണ്ടിയാണ്, സ്വീകരിക്കാനല്ല എന്ന കാര്യം പ്രത്യേകം ഓർക്കുക.
പേയ്‌മെന്റ് റിക്വസ്റ്റ് പേജുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. അപരിചിതമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങൾ കണ്ടാൽ ഉടൻ ആ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ റിപ്പോർട്ട് ചെയ്യുക. സൈബർ തട്ടിപ്പിന് ഇരയായാൽ കാലതാമസമില്ലാതെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ, ദേശീയ സൈബർ ക്രൈം പോർട്ടലായ https://cybercrime.gov.in വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.













