മഞ്ചേരി മെഡിക്കൽ കോളേജിനെ സർക്കാർ അവഗണിക്കുന്നു എന്ന വാർത്ത വസ്തുതാവിരുദ്ധം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ സർക്കാർ നടപ്പിലാക്കിയത്. മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 103.86 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇതിനകം പൂർത്തിയാക്കിയത്. വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, അക്കാദമിക് ബ്ലോക്ക്, ഓഡിറ്റോറിയം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കാഷ്വാലിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 9 കോടി രൂപ ചെലവിൽ എം.ആർ.ഐ (MRI) മെഷീൻ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും, 5 കോടി രൂപ ചെലവിൽ സി.ടി സ്കാൻ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. നിപ ഉൾപ്പെടെയുള്ള വൈറസ് രോഗങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന അത്യാധുനിക വൈറോളജി ലാബ്, കാർഡിയോളജി ഒപി ബ്ലോക്ക്, 1.20 കോടി രൂപയുടെ നവീകരിച്ച ലേബർ റൂം, പീഡിയാട്രിക് ഐ.സി.യു എന്നിവ പ്രവർത്തനസജ്ജമാണ്. കൂടാതെ, 23.75 കോടി രൂപയുടെ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമ്മാണം പുരോഗമിക്കുന്നു.
അക്കാദമിക് മേഖലയിൽ മഞ്ചേരി മെഡിക്കൽ കോളേജിനെ പി.ജി കോളേജായി ഉയർത്തുകയും പുതിയ പി.ജി കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു. 60 സീറ്റുകളുള്ള പുതിയ നഴ്സിംഗ് കോളേജിന്റെ തുടക്കം ഇതിലൊരു സുപ്രധാന നാഴികക്കല്ലാണ്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്ക് ആവശ്യമായ അധ്യാപക തസ്തികകൾ സൃഷ്ടിച്ചും, ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി തുക അനുവദിച്ചും സർക്കാർ ഈ സ്ഥാപനത്തെ ഒരു മികവിന്റെ കേന്ദ്രമായി മാറ്റാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. അതിനാൽ, മഞ്ചേരി മെഡിക്കൽ കോളേജിന് ബജറ്റിൽ തുക അനുവദിക്കുന്നില്ലെന്നോ വികസനത്തിൽ അവഗണിക്കുന്നുവെന്നോ ഉള്ള പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കുന്നു.













