ഫാക്ട് ചെക്കിനെ കുറിച്ച്

സത്യം അറിയാനൊരിടം

നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്് വ്യാജവിവരങ്ങളുടെ പ്രചാരവും തുടര്‍ന്നുണ്ടാവുന്ന സാമൂഹിക പ്രശ്നങ്ങളും. കോവിഡ് കാലത്ത് മഹാവ്യാധി(pandemic)യേക്കാള്‍ വലിയ വിപത്താണ് വിവരവ്യാധി (infodemic) എന്ന് ലോകാരോഗ്യ സംഘടന തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വ്യാധിയെ നേരിടുന്നതിനുള്ള ശക്തമായ നടപടികളും WHOയുടെ ഭാഗത്തുനിന്നുണ്ടാവുന്നു.

വ്യാജവിവരങ്ങള്‍ക്കെതിരെ ലോകം മുഴുവന്‍ പോരാടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സര്‍ക്കാരിന് നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചതും പൊതുജീവിതത്തെ ബാധിക്കുന്നതുമായ വ്യാജവിവരങ്ങളുടെ സത്യാവസ്ഥ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ട്. കോവിഡ് കാലത്ത് വ്യാജവാര്‍ത്തകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരും രംഗത്തുവന്നിരുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് PIB Fact Check എന്ന പേരില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.

വ്യാജവിവരങ്ങള്‍ തടയുന്നതില്‍ സംസ്ഥാനത്തെ മാധ്യമങ്ങളും പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും നിരന്തരം ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും ഇവ സംബന്ധിച്ച സത്യാവസ്ഥകള്‍ പൊതുജനങ്ങളെ നേരിട്ടറിയിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം ഉണ്ടാവേണ്ടതിന്റെ ആവശ്യം കണ്ടറിഞ്ഞാണ് പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വസ്തുതാപരിശോധനാ സംവിധാനത്തിന് തുടക്കം കുറിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മാധ്യമങ്ങളുടെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയത്. ഇന്ത്യയില്‍ ആദ്യമായിട്ട് ഇത്തരം നടപടിയുമായി മുന്നോട്ട് വന്ന ഒരേയൊരു സംസ്ഥാനം നമ്മുടെ കേരളമാണ്.

കേന്ദ്ര / കേരള ഗവണ്‍മെന്റുകളുടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവിവരങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതും പൊതുജീവിതത്തെ സാരമായി ബാധിക്കുന്നതുമായ വ്യാജവിവരങ്ങളെ സംബന്ധിച്ച മുന്നറിയിപ്പും വസ്തുതാ സ്ഥിരീകരണവുമാണ് ഈ വെബ്സൈറ്റിലൂടെ മുഖ്യമായും അറിയാന്‍ കഴിയുന്നത്. അതോടൊപ്പം പൊതുജനങ്ങള്‍ക്ക് അവരുടെ ശ്രദ്ധയില്‍പ്പെടുന്ന വ്യാജവിവരങ്ങള്‍ വകുപ്പിനെ നേരിട്ടറിയിക്കാനും യാഥാര്‍ത്ഥ്യം അറിയാനുമുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ വകുപ്പുകളും മാധ്യമരംഗത്തെ പ്രതിനിധികളും സാങ്കേതിക മേഖലയിലെ വിദഗ്ദ്ധരും അടങ്ങിയ ഒരു ഗവേണിങ് ബോഡി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. പരിശീലനം നേടിയ ജീവനക്കാരുടെ ഒരു സംഘമാണ് വിഭാഗത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

1. ഫാക്ട്ചെക്ക് സംവിധാനം പരിശോധിക്കുന്ന സന്ദേശങ്ങള്‍ ?
* സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച സന്ദേശങ്ങള്‍ മാത്രമേ ഫാക്ട് ചെക്ക് ചെയ്യുകയുളളൂ.

2.ഏതെല്ലാം മാധ്യമങ്ങള്‍ ഫാക്ട്ചെക്കിന്റെ പരിധിയില്‍ വരും ?
* സാമൂഹ്യ മാധ്യമം മാത്രം. ടിവി, പത്രം എന്നിവയെ നിലവില്‍ ഫാക്ട്‌ചെക്കിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

3. നിങ്ങളയക്കുന്ന സന്ദേശങ്ങള്‍ക്കുളള മറുപടി അപ്പോള്‍തന്നെ ലഭിക്കുമോ?
ഇല്ല, പരിശോധനയ്ക്കുശേഷം മറുപടി ഫാക്ട് ചെക്കിന്റെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ലഭിക്കും.

4. പേര് വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ അയക്കാമോ?
പേര് വെളിപ്പെടുത്തിയും, പേര് വെളിപ്പെടുത്താതെയും അയക്കാം.


സര്‍ക്കാര്‍ ഉത്തരവുകള്‍

Monday 22nd of June 2020

ഇന്‍ഫര്‍മേഷന്‍ & പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് - ഫാക്ട് ചെക്ക് ഡിവിഷന്‍ രൂപീകരണം
Download

Friday 26th of June 2020

ഫാക്ട് ചെക്ക് ഡിവിഷന്‍ - വിപുലീകരണം - വെബ്‌സൈറ്റ് - സിഡിറ്റിനെ ചുമതലപ്പെടുത്തുന്നു
Download

Tuesday 14th of July 2020

ഫാക്ട് ചെക്ക് ഡിവിഷന്‍ - തുടര്‍പ്രവര്‍ത്തിന് ഭരണാനുമതി
Download

Friday 11th of September 2020

ഫാക്ട് ചെക്ക് ഡിവിഷന്‍ - ഉദ്യോഗസ്ഥര്‍ക്കുളള ചുമതല
Download

Tuesday 4th of May 2021

ഫാക്ട് ചെക്ക് ഡെവിഷന്‍ - ഗവേണിംങ് കൗണ്‍സില്‍
Download