കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സംവരണം സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുത്
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് യാത്ര തുടങ്ങുന്നിടത്ത് നിന്ന് മാത്രമേ സീറ്റ് സംവരണത്തിന് അവകാശമുള്ളൂ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. കേരള മോട്ടോർ വാഹന നിയമത്തിലെ 269 (5) റൂൾ പ്രകാരം ദീർഘദൂര സർവീസുകൾ ഉൾപ്പെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. യാത്രയുടെ ഏത് ഘട്ടത്തിൽ സ്ത്രീകൾ കയറിയാലും അവർ ആവശ്യപ്പെടുന്ന പക്ഷം സംവരണ സീറ്റുകൾ ഒഴിഞ്ഞുനൽകാൻ അതിലിരിക്കുന്ന പുരുഷന്മാർ ബാധ്യസ്ഥരാണെന്ന് കെഎസ്ആർടിസിയുടെ ഔദ്യോഗിക ഉത്തരവ് വ്യക്തമാക്കുന്നു.
ഈ 25 ശതമാനം സംവരണത്തിൽ ഗർഭിണികൾക്കും ചെറിയ കുട്ടികളുമായി വരുന്ന അമ്മമാർക്കും പ്രത്യേക മുൻഗണനയുണ്ട്. സ്ത്രീകൾ ആവശ്യപ്പെട്ടിട്ടും സീറ്റ് ഒഴിഞ്ഞു കൊടുക്കാത്തവരിൽ നിന്ന് 100 രൂപ പിഴ ഈടാക്കാനും നിയമം അനുശാസിക്കുന്നു. സ്ത്രീകൾക്ക് സീറ്റ് സംവരണം ബസ് യാത്രയിലുടനീളം നിലനിൽക്കുന്ന അവകാശമാണെന്നിരിക്കെ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുത്.













