തടവുകാരുടെ വേതന വർദ്ധനവ്; പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്
സംസ്ഥാനത്തെ ജയിൽ അന്തേവാസികളുടെ വേതനം സർക്കാർ വൻതോതിൽ വർദ്ധിപ്പിച്ചുവെന്നും തടവുകാർക്ക് വലിയ തുക പ്രതിദിനം ലഭിക്കുന്നുവെന്നുമുള്ള രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഏഴ് വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം പരിഷ്കരിക്കുന്നത്. എന്നാൽ, നിശ്ചയിച്ചിട്ടുള്ള വേതനം പൂർണ്ണമായും തടവുകാരന് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ തുകയുടെ നിശ്ചിത ശതമാനം ഇരകൾക്കുള്ള നഷ്ടപരിഹാര നിധിയിലേക്കും, ജയിൽ ചെലവിലേക്കും, അവരുടെ കുടുംബങ്ങളിലേക്കും മാറ്റിവെക്കുന്നതാണ്.
പുതുക്കിയ നിരക്ക്: ഏഴ് വർഷത്തിന് ശേഷം നടപ്പിലാക്കിയ പരിഷ്കരണ പ്രകാരം സ്‌കിൽഡ് ജോലികൾക്ക് 620 രൂപയും, സെമി സ്‌കിൽഡ് വിഭാഗത്തിന് 560 രൂപയും, അൺ സ്‌കിൽഡ് വിഭാഗത്തിന് 530 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സെൻട്രൽ ജയിലുകളിൽ ഇതിനുമുമ്പ് കുറഞ്ഞ കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. 2016-ലെ മോഡൽ പ്രിസൺ മാനുവൽ പ്രകാരം ഓരോ മൂന്ന് വർഷം കൂടുമ്പോഴും വേതനം പരിഷ്കരിക്കേണ്ടതുണ്ട്. കേരളത്തിൽ 2018-ന് ശേഷം ഇപ്പോഴാണ് ഈ പരിഷ്കരണം നടപ്പിലാക്കുന്നത്.
ജയിലിൽ ജോലി ചെയ്യുന്ന എല്ലാ തടവുകാർക്കും (കഠിന തടവിന് വിധിക്കപ്പെട്ടവർ ഉൾപ്പെടെ) ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാപരമായ തത്വമാണെന്ന് 2024 ഒക്ടോബർ 3-ലെ വിധിന്യായത്തിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വേതന നിർണ്ണയം യുക്തിസഹവും മാനുഷികവുമായ മാനദണ്ഡങ്ങളിൽ അധിഷ്ഠിതമായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കർണാടകം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിലവിൽ സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് വിഭാഗങ്ങൾക്ക് യഥാക്രമം 615, 548, 524 രൂപ നിരക്കിൽ കൂലി നൽകി വരുന്നുണ്ട്. ഇതിന് ആനുപാതികമായ നിരക്കുകളാണ് കേരളത്തിലും നടപ്പിലാക്കിയിരിക്കുന്നത്.
തടവുകാരുടെ വേതന വർദ്ധനവ് എന്നത് സുപ്രീം കോടതി ഉത്തരവിന്റെയും പ്രിസൺ മാനുവലിന്റെയും അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഭരണപരമായ നടപടിയാണ്. ഇത് തടവുകാർക്ക് നേരിട്ട് നൽകുന്ന ശമ്പളമല്ല, മറിച്ച് ഇരകളുടെ ക്ഷേമത്തിനും തടവുകാരുടെ പുനരധിവാസത്തിനുമുള്ള ഒരു സംവിധാനം കൂടിയാണ്. അതിനാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിമർശനങ്ങൾ വസ്തുതാവിരുദ്ധമാണ്.
ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാതിരിക്കുക.













