വയനാട്: സംസ്കാരത്തിന് 10,000 രൂപ നൽകിയത് ബന്ധുക്കൾക്ക്

വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾക്ക് ഒരാൾക്കു 10000 രൂപ ചെലവാക്കി എന്തിനാണ് ഈ 10000 രൂപ ചെലവാക്കിയത് എന്നുള്ള രീതിയിൽ ഒരു വാട്ട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ചടങ്ങുകൾക്ക് ആവശ്യമായ എല്ലാം സൗജന്യമായാണല്ലോ ലഭിച്ചത് പിന്നെ എന്തിനാണ് ഈ പൈസ ചെലവാക്കിയത് എന്നാണ് ഇവർ ഉന്നയിക്കുന്ന വാദം. 


ദുരന്തം നടന്നതിന്റെ പിറ്റേ ദിവസം തന്നെ തിരിച്ചറിഞ്ഞ കുറെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇത് സംസ്കരിക്കുന്നതിനു വേണ്ടി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 10000 രൂപ വീതം സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഫണ്ടിൽ നിന്നും അനുവദിച്ചു. 179 പേരുടേതാണ് ഇത്തരത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ. അതിൽ ആഗസ്ത് 17 വരെ 124 പേരുടെ ബന്ധുക്കൾക്ക് 10000 രൂപ നൽകിക്കഴിഞ്ഞു. ഇത് SDRF ഫണ്ടിൽ നിന്നും നേരിട്ട് അനുവദിച്ച തുകയാണ്. അതാത് ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാർ മുഖേനയാണ് ഈ തുക നൽകിയത്. 


ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട് ക്യാമ്പിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും അടിയന്തര സഹായമായി 10000 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് ആഗസ്ത് ഒൻപതിനാണ്. ആഗസ്ത് 17 വരെ 617 കുടുംബങ്ങൾക്ക് ഇതിനകം സഹായം നൽകി കഴിഞ്ഞു. 


ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 4 ലക്ഷം രൂപ ദുരന്തനിവാരണ വകുപ്പിന്റെ ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചേർത്ത് ആകെ 6 ലക്ഷം രൂപ ആഗസ്ത് 17 വരെ 12 ആളുകൾക്ക് നൽകി. ഇതുവഴി 72 ലക്ഷം രൂപ ചെലവഴിച്ചു.


ആയതിനാൽ മൃതദേഹം സംസ്കരിക്കാൻ 10000 രൂപ ചെലവഴിച്ചു എന്നതിന്റെ അർഥം ആ തുക സംസ്കാരം നടത്തുന്നതിനായി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകി എന്നാണ്.