മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ സൗജന്യ റീചാർജ് സന്ദേശം; വഞ്ചിതരാകരുത്


പുതുവർഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ എല്ലാവർക്കും 749 രൂപയുടെ 3 മാസത്തെ മൊബൈൽ റീചാർജ് സൗജന്യമായി നൽകുന്നു എന്ന പേരിലൊരു സന്ദേശം വാട്സാപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ബ്ലോഗ്‌സ്‌പോട്ട് ലിങ്ക് സഹിതമാണ് ഈ സന്ദേശം പ്രചരിക്കുന്നത്.


മുഖ്യമന്ത്രിയുടെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം തികച്ചും വ്യാജമാണ്. സംസ്ഥാന സർക്കാരോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇത്തരമൊരു സൗജന്യ റീചാർജ് പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഈ പ്രചാരണം തള്ളിക്കളഞ്ഞിട്ടുണ്ട്.


പ്രചരിക്കുന്ന സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ എത്തുന്ന പേജിൽ മുഖ്യമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇത് ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റല്ല, മറിച്ച് ഒരു സൗജന്യ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിർമ്മിച്ചതാണ്.  ഉപഭോക്താക്കളെ വിശ്വസിപ്പിക്കാനായി നിരവധി പേർക്ക് റീചാർജ് ലഭിച്ചു എന്ന തരത്തിലുള്ള വ്യാജ കമന്റുകൾ ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ലിങ്കുകൾ വഴി വ്യക്തിവിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും തട്ടിയെടുക്കാനാണ് സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നത്.


ഇത്തരം ലിങ്കുകളിൽ പ്രവേശിക്കുന്നത് നിങ്ങളുടെ മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ മാൽവെയറുകൾ പ്രവേശിക്കാനും ഡാറ്റ ചോർത്താനും കാരണമായേക്കാം. ഇതിനു മുൻപും സമാനമായ വ്യാജ റീചാർജ് സന്ദേശങ്ങൾ പ്രചരിച്ചിട്ടുള്ളതാണ്. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ സർക്കാരിന്റെ kerala.gov.inലും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും വരുന്നവ മാത്രമേ വിശ്വസിക്കാവൂ.


സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിവിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. ഇത്തരം വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നത് വഴി മറ്റുള്ളവരും തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ട്. അതിനാൽ ഇവ പ്രചരിപ്പിക്കാതിരിക്കുക. സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ '1930' എന്ന നമ്പറിൽ സൈബർ പൊലീസിനെ വിവരം അറിയിക്കുക.