മാർച്ചോടെ എടിഎമ്മിൽ നിന്ന് 500 രൂപ നോട്ടുകൾ ലഭിക്കില്ലെന്ന പ്രചാരണം വ്യാജം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2026 മാർച്ച് മുതൽ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകളുടെ വിതരണം നിർത്തുന്നതായുള്ള നവമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതം. ആർബിഐ എടിഎമ്മുകളിൽ നിന്നോ പൊതു പ്രചാരത്തിലുള്ളവയിൽ നിന്നോ 500 രൂപ നോട്ടുകൾ നിർത്തലാക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. സാധാരണ ഗതിയിലുള്ള എല്ലാ ഇടപാടുകൾക്കും 500 രൂപ നോട്ടുകൾ തുടർന്നും ഉപയോഗിക്കാം.
ഇത് ആദ്യമായല്ല,500 രൂപ നോട്ട് നിരോധിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്.നേരത്തെയും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ അത് വ്യാജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കേന്ദ്ര വാർത്താ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.













