സംസ്ഥാനത്ത് സൗജന്യ ഡയാലിസിസ് മുടങ്ങിയെന്ന പ്രചാരണം വ്യാജം: വസ്തുത അറിയാം


സംസ്ഥാനത്ത് സർക്കാർ നൽകാനുള്ള 5 കോടി രൂപയുടെ കുടിശ്ശിക കാരണം സൗജന്യ ഡയാലിസിസ് സേവനങ്ങൾ മുടങ്ങിയെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചാരണം പൂർണ്ണമായും വ്യാജവും വസ്തുതാവിരുദ്ധവുമാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് സേവനങ്ങൾ തടസ്സമില്ലാതെ തുടർന്നു വരികയാണ്.


സംസ്ഥാനത്തെ വൃക്കരോഗികളുടെ ചികിത്സയ്ക്കായി വിപുലമായ സംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്.നിലവിൽ സർക്കാർ മേഖലയിൽ പ്രതിമാസം 64,000-ലേറെ ഡയാലിസിസുകൾ തടസ്സമില്ലാതെ നടക്കുന്നുണ്ട്. മെഡിക്കൽ കോളേജുകൾ കൂടാതെ 112 സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാണ്. ആകെ 1,287 ഡയാലിസിസ് മെഷീനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.


 താലൂക്ക് തലം മുതൽ വിദഗ്ധ ഡോക്ടർമാരുടെയും ടെക്നീഷ്യൻമാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിദൂര മേഖലയിലുള്ളവർക്കായി 'സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകളും' വീട്ടിൽ വെച്ച് ചെയ്യാവുന്ന 'പെരിറ്റോണിയൽ ഡയാലിസിസ്' പദ്ധതിയും എല്ലാ ജില്ലകളിലും നടപ്പിലാക്കി വരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് എന്നിവ വഴി സൗജന്യ ഡയാലിസിസ് ഉറപ്പാക്കുന്നുണ്ട്. സർക്കാർ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ഇത്തരം സഹായങ്ങൾ നൽകുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക രേഖകളിലും വ്യക്തമാണ്.


സംസ്ഥാനത്ത് സൗജന്യ ഡയാലിസിസ് മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതിയെ തകർക്കാനും പരിഭ്രാന്തി പരത്താനുമുള്ള വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുത്.