വൈദ്യുതി ബില്ലിൽ പുതുതായി സർചാർജ് അടിച്ചേൽപ്പിച്ചു എന്ന പ്രചാരണം വ്യാജം


കേരളീയർക്ക് പുതുവത്സര സമ്മാനമായി കെ.എസ്.ഇ.ബി വൈദ്യുതി ബില്ലിൽ പുതിയ സർചാർജ് അടിച്ചേൽപ്പിച്ചു എന്നുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ വ്യാജം. നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് ക്രമീകരിക്കുന്ന തുക മാത്രമാണിത്. ഇത് പുതുതായി അടിച്ചേൽപ്പിച്ചതല്ല.


ചട്ടം പുതിയതല്ല: കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്കനുസരിച്ച് 2023 മേയ് മാസത്തിൽ പരിഷ്കരിച്ച വ്യവസ്ഥ പ്രകാരം, ഇന്ധനവിലയിലെ മാറ്റങ്ങൾ യൂണിറ്റിന് പരമാവധി 10 പൈസ വരെ സർചാർജായി ഈടാക്കാൻ വിതരണ ലൈസൻസികൾക്ക് അനുമതിയുണ്ട്.


2025 നവംബറിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അധികമായി ചെലവായ തുക (18.45 കോടി രൂപ) മാത്രമാണ് 2026 ജനുവരിയിലെ ബില്ലിൽ ക്രമീകരിക്കുന്നത്. ദ്വൈമാസ ബില്ലിംഗുകാർക്ക് യൂണിറ്റിന് 7 പൈസയും, പ്രതിമാസ ബില്ലിംഗുകാർക്ക് 8 പൈസയും മാത്രമാണ് സർചാർജ്.


1000 വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗവുമുള്ള ഗാർഹിക ഉപഭോക്താക്കളെ ഈ സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 11 ലക്ഷം പേർക്ക് ഈ ആനുകൂല്യം ലഭിക്കും. 100 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു സാധാരണ ഉപഭോക്താവിന് ഈ മാസത്തെ ബില്ലിൽ കേവലം 2 രൂപ മാത്രമാണ് അധികമായി വരുന്നത്. മുൻ മാസങ്ങളിലെ ഇന്ധനവിലയിലെ വർദ്ധനവ് ക്രമീകരിക്കുന്ന സ്വാഭാവിക നടപടി മാത്രമാണിത്. സെപ്റ്റംബർ-നവംബർ മാസങ്ങളിൽ 10 പൈസയായിരുന്ന സർചാർജ് നിലവിൽ കുറയുകയാണ് ചെയ്തിട്ടുള്ളത് ചെയ്തിട്ടുള്ളതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക. കൂടുതൽ വിവരങ്ങൾക്കും വസ്തുതകൾക്കുമായി ഔദ്യോഗിക പോർട്ടലുകൾ മാത്രം ശ്രദ്ധിക്കുക