ശബരിമല സന്നിധാനത്ത് യുവതികളായ വനിതാ പോലീസുകാരെ നിയോഗിച്ചെന്ന പ്രചാരണം വ്യാജം; ദൃശ്യങ്ങൾ പമ്പയിൽ നിന്നുള്ളത്
ശബരിമല സന്നിധാനത്ത് യുവതികളായ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് അധികൃതർ. പ്രചരിക്കുന്ന ദൃശ്യങ്ങൾ ശബരിമല സന്നിധാനത്ത് നിന്നുള്ളതല്ല, മറിച്ച് പമ്പാ ഗണപതി ക്ഷേത്ര പരിസരത്ത് നിന്നുള്ളതാണ്. പമ്പയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദനീയമായതിനാൽ, അവിടെ സ്ത്രീകളായ തീർത്ഥാടകരെ സഹായിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്. ഇത് ശബരിമലയിലെ ആചാരങ്ങൾ ലംഘിച്ചുകൊണ്ട് സന്നിധാനത്ത് നടന്ന നടപടിയാണെന്ന തരത്തിൽ തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.













