144 പോലീസുകാരെ പിരിച്ചുവിട്ടെന്ന കണക്ക് വ്യാജമാണെന്ന പ്രചാരണം തെറ്റ്; വസ്തുതകൾ പുറത്തുവിട്ട് പോലീസ്
സംസ്ഥാനത്ത് 144 പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും നിലവിലെ സർക്കാരിന്റെ കാലത്ത് 47 പേരെ മാത്രമേ പിരിച്ചുവിട്ടിട്ടുള്ളൂ എന്നും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണ്. പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയെന്ന തരത്തിലാണ് തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ 2016 മെയ് 25 മുതൽ 2025 സെപ്റ്റംബർ 18 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ 144 പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്നതാണ് യഥാർത്ഥ വസ്തുത. ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 പേരെയും ഗുരുതര സ്വഭാവദൂഷ്യത്തിന് 62 പേരെയും ഉൾപ്പെടെയാണ് ഇത്തരത്തിൽ നടപടിക്ക് വിധേയരാക്കിയത്. ഇതിനു പുറമെ, അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 241 പോലീസുദ്യോഗസ്ഥരെ സാധാരണ വകുപ്പുതല നടപടിയുടെ ഭാഗമായി സർവീസിൽ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.
നിലവിലെ സർക്കാരിന്റെ കാലാവധി മാത്രം പരിഗണിച്ചാലും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാകും. 2021 മെയ് 20 മുതൽ 2025 സെപ്റ്റംബർ 18 വരെയുള്ള കാലയളവിൽ മാത്രം 84 പോലീസുദ്യോഗസ്ഥരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിൽ 46 പേർ ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും 38 പേർ ഗുരുതര സ്വഭാവദൂഷ്യം കാണിച്ചവരുമാണ്. കൂടാതെ, ഇതേ കാലയളവിൽ അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നതിന് 169 പേരെ സർവീസിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പോലീസിലെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾക്ക് വിരുദ്ധമായി പ്രചരിക്കുന്ന ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ കണക്കുകൾ ഉപയോഗിച്ചുള്ള പ്രചാരണങ്ങളിൽ വീഴാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.













