ക്ഷേമ പെന്‍ഷനില്‍ 4,478 കോടി രൂപയുടെ കുറവോ ? യാഥാര്‍ത്ഥ്യം ഇതാണ് !
സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ 4,478 കോടി രൂപയുടെ കുറവുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണ്. 2022-ലെ സി. എ.ജി റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരമൊരു പ്രചാരണം നടക്കുന്നത്. ഇത് സംബന്ധിച്ച കൃത്യമായ വസ്തുതകള്‍ സര്‍ക്കാര്‍ നേരത്തെതന്നെ നിയമസഭയിലും പൊതുമധ്യത്തിലും വ്യക്തമാക്കിയതാണ്.
2022-ലെ ഏഴാം നമ്പര്‍ സി. എ.ജി റിപ്പോര്‍ട്ടിലാണ് പെന്‍ഷന്‍ വിതരണ തുകയില്‍ വ്യത്യാസമുണ്ടെന്ന പരാമര്‍ശമുള്ളത്. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 24,404.89 കോടി രൂപ പെന്‍ഷനായി വിതരണം ചെയ്തപ്പോള്‍, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി വഴി 19,926.04 കോടി രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നതായിരുന്നു സി. എ.ജിയുടെ കണ്ടെത്തല്‍. ഈ രണ്ട് തുകകള്‍ തമ്മിലുള്ള 4,478 കോടി രൂപയുടെ വ്യത്യാസമാണ് തുക കാണാനില്ലെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത്.
എന്നാല്‍ പെന്‍ഷന്‍ വിതരണത്തിനായി പെന്‍ഷന്‍ കമ്പനി അനുവദിക്കുന്ന തുകയ്ക്ക് പുറമെ, അതാത് വര്‍ഷത്തെ ബജറ്റ് വിഹിതവും മുന്‍ വര്‍ഷങ്ങളില്‍ ചെലവഴിക്കാതെ ബാക്കി വന്ന തുകയും ഉപയോഗിക്കാറുണ്ട്. പെന്‍ഷന്‍ വിതരണത്തിനായി ഉപയോഗിച്ച ഈ അധിക സ്രോതസ്സുകള്‍ പരിഗണിക്കാതെയാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ തുകയില്‍ വ്യത്യാസമുണ്ടെന്ന് രേഖപ്പെടുത്തിയത്.
ഈ സാങ്കേതികമായ വ്യത്യാസം സംബന്ധിച്ച വസ്തുതകള്‍ ധനകാര്യ വകുപ്പും പഞ്ചായത്ത് ഡയറക്ടറേറ്റും പെന്‍ഷന്‍ കമ്പനിയും സി.എ.ജിയെ കൃത്യമായി അറിയിച്ചിട്ടുള്ളതാണ്. ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ശരിയല്ലെന്നും വിതരണം ചെയ്ത തുകയില്‍ യാതൊരുവിധ പൊരുത്തക്കേടുകളും ഇല്ലെന്നും രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, 2024 ഫെബ്രുവരി 13-ന് നിയമസഭയില്‍ ഉയര്‍ന്ന നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് (ചോദ്യം നം. 190) ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഈ വിഷയത്തില്‍ വിശദമായ മറുപടി നല്‍കുകയും യാഥാര്‍ത്ഥ്യം സഭയെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പെന്‍ഷന്‍ വിതരണം തടസ്സമില്ലാതെ നടത്തുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച പെന്‍ഷന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍. താല്‍ക്കാലിക വായ്പകളിലൂടെ പണം കണ്ടെത്തി കൃത്യസമയത്ത് പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും, സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകുമ്പോള്‍ ആ തുക തിരിച്ചടയ്ക്കുകയും ചെയ്യുന്ന സുതാര്യമായ രീതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
വസ്തുതകള്‍ ഇതായിരിക്കെ, പഴയ ഓഡിറ്റ് റിപ്പോര്‍ട്ടിലെ സാങ്കേതിക പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം സംബന്ധിച്ച കണക്കുകള്‍ പൂര്‍ണ്ണമായും സുതാര്യമാണ്.













