വയനാട് പുനരധിവാസ ഫണ്ട് വിനിയോഗം: പ്രചരിക്കുന്നത് തെറ്റായ വിവരങ്ങള്‍

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സമാഹരിച്ച തുക സർക്കാർ വിനിയോഗിക്കുന്നില്ലെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വസ്തുതകൾക്ക് നിരക്കാത്തതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.വയനാടിനായി ജനങ്ങൾ നൽകിയ 772.11 കോടി രൂപയിൽ 91.74 കോടി രൂപ മാത്രമാണ് സർക്കാർ ഇതുവരെ ചെലവഴിച്ചതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. 


എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ (CMDRF) ഔദ്യോഗിക കണക്കുകൾ പരിശോധിച്ചാൽ ഈ പ്രചാരണം വ്യാജമാണെന്ന് മനസിലാക്കാവുന്നതെയുള്ളു. ദുരന്തബാധിതരുടെ അടിയന്തര ആവശ്യങ്ങൾക്കും മറ്റ് വിവിധ പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ഇതുവരെ 141.16 കോടി രൂപ സർക്കാർ ചെലവഴിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം മുതൽ നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ വരെയുള്ള എല്ലാ കണക്കുകളും ദുരിതാശ്വാസ നിധിയുടെ വെബ്‌സൈറ്റിൽ  https://donation.cmdrf.kerala.gov.in/index.php/Settings/transparency#expenditure സുതാര്യമായി ലഭ്യമാണ്. 


പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് നിർമ്മാണത്തിനായി മാത്രം 351 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിക്കഴിഞ്ഞു. കൽപ്പറ്റ വൈത്തിരി താലൂക്കിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നതിനായി 64.4075 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 26.56 കോടി രൂപയും മറ്റ് പുനരധിവാസ പദ്ധതികൾക്കായി 17 കോടി രൂപയും ഉൾപ്പെടെ 43.56 കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ടൗൺഷിപ്പ് നിർമ്മാണം പുരോഗമിക്കുന്ന മുറയ്ക്ക് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ബില്ലുകൾ സമർപ്പിക്കുമ്പോൾ ഇതിനായുള്ള ബാക്കി തുക അനുവദിക്കും. ഈ വിവരങ്ങൾ കൃത്യസമയത്ത് വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതുമാണ്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക കൈകാര്യം ചെയ്യുന്നത് പൂർണ്ണമായും സുതാര്യമായ സംവിധാനത്തിലൂടെയാണ്. ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുന്നത്. റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ ബാങ്ക് ഇടപാടുകളിലൂടെ മാത്രമാണ് ഗുണഭോക്താക്കൾക്ക് പണം കൈമാറുന്നത്. ഈ തുക വിനിയോഗം കൺട്രോളർ ആൻഡ് അക്കൗണ്ടന്റ് ജനറലിന്റെ (CAG) ഓഡിറ്റിനും നിയമസഭയുടെ പരിശോധനയ്ക്കും വിധേയമാണ്. വിവരാവകാശ നിയമപ്രകാരം ആർക്കും പരിശോധിക്കാവുന്ന ഈ കണക്കുകളെ മറച്ചുവെച്ചാണ് സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണം നടക്കുന്നത്.