വയനാട്ടിൽ സിപ് ലൈൻ അപകടം; പ്രചരിക്കുന്നത് എ.ഐ. നിർമിത വ്യാജ വീഡിയോ
വയനാട് ജില്ലയിൽ സിപ് ലൈൻ തകർന്ന് അപകടമുണ്ടായി എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ നിർമിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങളാണ്. ഇത്തരത്തിൽ ഒരു അപകടവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു യുവതിയും കുഞ്ഞും സിപ് ലൈനിൽ കയറുന്നതും, കയറിയ ഉടൻ തന്നെ ലൈൻ തകർന്ന് ഇരുവരും താഴേക്ക് വീഴുന്നതും സിപ് ലൈൻ ഓപ്പറേറ്റർ പകച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് 'വയനാട്ടിൽ കഴിഞ്ഞ ദിവസം നടന്നത്' എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.
വയനാട് ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഈ വ്യാജ വീഡിയോ പ്രചരിക്കുന്നത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ജില്ലയിലെ ടൂറിസം മേഖല വീണ്ടും ഉണർന്ന് വരുന്ന ഈ ഘട്ടത്തിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ ടൂറിസത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പറയുന്നതുപോലെ ഒരു സിപ് ലൈൻ അപകടവും വയനാട്ടിൽ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.സംഭവത്തിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചവർക്കെതിരെ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാജ വാർത്തകളും വീഡിയോകളും തിരിച്ചറിഞ്ഞ് അവ പ്രചരിപ്പിക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ഏതെങ്കിലും വാർത്തകളുടെ ആധികാരികതയിൽ സംശയമുണ്ടെങ്കിൽ, അത് ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ വഴി സ്ഥിരീകരിക്കുക.ടൂറിസം കേന്ദ്രങ്ങളെയും പൊതുജീവിതത്തെയും ബാധിക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾ നിയമപരമായി ശിക്ഷാർഹമാണ്.













