കിഫ്ബി: വസ്തുതകൾ വളച്ചൊടിച്ചുള്ള പ്രചാരണങ്ങൾക്ക് മറുപടി
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും ഉയരുന്ന വിമർശനങ്ങൾക്കും തെറ്റായ വ്യാഖ്യാനങ്ങൾക്കും വസ്തുതാപരമായ മറുപടിയുമായി അധികൃതർ. കിഫ്ബി പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാകുന്നതിൽ കാലതാമസം നേരിടുന്നുവെന്നും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നുമുള്ള പ്രചാരണങ്ങൾ വസ്തുതാരഹിതമെന്ന് അധികൃതർ അറിയിച്ചു.
കിഫ്ബി 75,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും എന്നായിരുന്നു വാഗ്ദാനം എന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, യാഥാർത്ഥ്യം പരിശോധിക്കുമ്പോൾ, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ 90,000 കോടി രൂപയോളം മൂല്യം വരുന്ന പദ്ധതികളാണ് കിഫ്ബി ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. അതായത്, വാഗ്ദാനം ചെയ്തതിലും അധികം പദ്ധതികൾക്ക് കിഫ്ബി ധനാനുമതി നൽകിയിട്ടുണ്ട്. ഇതിൽ 37,000 കോടിയിലേറെ രൂപ പദ്ധതികൾക്കായി ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയടങ്ങുന്ന പൊതു അടിസ്ഥാന സൗകര്യ മേഖലയിൽ ഈ തുക വിനിയോഗിക്കപ്പെട്ടതിലൂടെ വലിയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.
പദ്ധതി പൂർത്തിയാക്കുന്നതിലെ സമയക്രമത്തിലാണ് പ്രധാനമായും വിമർശനങ്ങൾ ഉയരുന്നത്. 2016-ൽ നിയമം ഭേദഗതി ചെയ്ത് ശാക്തീകരിക്കപ്പെട്ട കിഫ്ബി അതിൻ്റെ ദൗത്യവുമായി മുന്നോട്ട് പോകുന്ന വേളയിൽ 2020-ൽ ആരംഭിച്ച കോവിഡ് പ്രതിസന്ധി ഘട്ടത്തിലും കഴിയാവുന്നത്ര പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കിഫ്ബിക്ക് കഴിഞ്ഞു എന്നത് സ്ഥാപനത്തിൻ്റെ കാര്യക്ഷമതയാണ് സൂചിപ്പിക്കുന്നത്.
കൂടാതെ, കിഫ്ബി ബോർഡിൽ ധനാനുമതി നേടുന്ന ഒരു പദ്ധതി ഒറ്റരാത്രികൊണ്ട് പൂർത്തിയാവുകയില്ല. പദ്ധതിയുടെ പൂർത്തീകരണം നിരവധി ഘട്ടങ്ങളിലൂടെയാണ് നടക്കുന്നത്. ഇതിനായുള്ള പണവും ഘട്ടംഘട്ടമായാണ് അനുവദിക്കപ്പെടുന്നത്.ധനലഭ്യതയ്ക്കൊപ്പം, കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു എന്നതും പ്രധാനമാണ്. കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്. ഇത്തരം പരിശോധനകളിൽ പിഴവുകൾ കണ്ടെത്തിയാൽ, അതു തിരുത്താനുള്ള മാർഗ്ഗനിർദേശങ്ങൾ എസ്.പി.വി.കൾക്ക് കിഫ്ബി നൽകുന്നു.
ഇതുവരെയും പണമില്ലാത്തത് കൊണ്ട് കിഫ്ബി ഫണ്ട് ചെയ്യുന്ന ഒരു പദ്ധതിയുടെയും പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ല. ആവശ്യത്തിനുള്ള ബഫർ ഫണ്ട് എപ്പോഴും കിഫ്ബിയുടെ പക്കൽ ഉണ്ടായിട്ടുണ്ട്. ആസ്തിയും ബാധ്യതയും മാനേജ് ചെയ്യുന്നതിന് അങ്ങേയറ്റം ശാസ്ത്രീയവും ആധുനികവുമായ എ.എൽ.എം. സംവിധാനം കിഫ്ബിക്കുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക ലക്ഷ്യമിട്ട് കെട്ടിച്ചമക്കപ്പെട്ടവയാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധ പ്രവർത്തിയാണ്.













