'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ നടക്കുന്ന തട്ടിപ്പുകൾ; പൊതുജനങ്ങൾ ജാഗ്രത പാലിക്കുക
സർക്കാർ ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ച് പണം തട്ടുന്ന സൈബർ കുറ്റവാളി സംഘങ്ങൾ സംസ്ഥാനത്ത് വിപുലമാകുന്ന സാഹചര്യത്തിൽ, കേരള പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. തീവ്രവാദ ബന്ധം ആരോപിച്ചുള്ള 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ നടക്കുന്ന ഈ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അപകടകരമായ ഭീഷണി സന്ദേശങ്ങൾ നൽകി പൊതുജനങ്ങളെ ഭയപ്പെടുത്തി പണം തട്ടുന്ന രീതിയാണ് 'ഡിജിറ്റൽ അറസ്റ്റ്'. തട്ടിപ്പിന് ഇരയാകേണ്ട വ്യക്തിയെ വിളിച്ച്, അവരുടെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരു സംസ്ഥാനത്ത് നിന്നൊരാൾ മൊബൈൽ നമ്പർ ഉപയോഗിച്ചതായും, ആ നമ്പർ സാമ്പത്തിക ഇടപാടുകൾക്കായി തീവ്രവാദ ബന്ധമുള്ളവർ ഉപയോഗിക്കുന്നതായും ഉൾപ്പെടെയുള്ള കെട്ടിച്ചമച്ച കഥകൾ പറഞ്ഞ് ഭയപ്പെടുത്തുന്നു.
തുടർന്ന്, വാട്‌സ്ആപ്പ് വീഡിയോ കോളിൽ പോലീസ് ഉദ്യോഗസ്ഥരുടെയോ മറ്റ് കേന്ദ്ര ഏജൻസികളുടെയോ വേഷത്തിൽ ആരെങ്കിലും എത്തി, നിങ്ങളെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്യുന്നുവെന്ന് അറിയിക്കുന്നു. ഭീകരപ്രവർത്തന കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിയിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം 'പരിശോധനയ്ക്കായി' അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇതിന് പകരമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പേരിലുള്ള വ്യാജ രസീതുകളും നൽകി വിശ്വാസം നേടിയെടുക്കുന്നു.ഇത്തരം ഭീഷണികളിൽ ഭയന്ന് പണം കൈമാറ്റം ചെയ്യുന്നവർക്ക് ഭീമമായ തുകകളാണ് നഷ്ടമാകുന്നത്.
'ഡിജിറ്റൽ അറസ്റ്റ്' എന്നൊരു അറസ്റ്റ് രീതി നിലവിലില്ല. നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയും ഈ രീതിയിൽ അറസ്റ്റ് അറിയിക്കാറില്ല.
പോലീസ്, കോടതി, അല്ലെങ്കിൽ മറ്റ് സർക്കാർ ഏജൻസികൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവർ ഒരിക്കലും നമ്മുടെ പണം ഏതെങ്കിലും സ്വകാര്യ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടില്ല. നിങ്ങളുടെ അക്കൗണ്ടിലെ പണം സുരക്ഷിതമാണെന്ന് തെളിയിക്കാൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് തട്ടിപ്പാണ് എന്ന് തിരിച്ചറിയുക.
അപരിചിത നമ്പറുകളിൽ നിന്നുള്ള കോളുകൾ സ്വീകരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. വാട്‌സ്ആപ്പ് വീഡിയോ കോളുകൾ: അപരിചിത നമ്പറുകളിൽ നിന്നുള്ള വാട്‌സ്ആപ്പ് കോളുകൾ, പ്രത്യേകിച്ച് വീഡിയോ കോളുകൾ ഒരു കാരണവശാലും അറ്റൻഡ് ചെയ്യരുത്. വാട്‌സ്ആപ്പ് വഴി ആരെങ്കിലും അയച്ചുതരുന്ന അപരിചിത ലിങ്കുകൾ തുറക്കുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഒ.ടി.പി.കളോ, രഹസ്യ കോഡുകളോ ഫോൺ വഴി ആർക്കും കൈമാറരുത്. ഇത്തരം തട്ടിപ്പു ഭീഷണികൾ നേരിട്ടാൽ ഉടൻതന്നെ സൈബർ ക്രൈം പോർട്ടലിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ റിപ്പോർട്ട് ചെയ്യുക.













