'ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ്' എന്ന പേരിലുള്ള ഇ-മെയിലുകൾ വ്യാജം! ജാഗ്രത പാലിക്കുക.
സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, 'ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം' എന്ന നിർദ്ദേശത്തോടെ ലഭിക്കുന്ന ഇ-മെയിൽ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതർ. ഓൺലൈനായി ഇ-പാന്‍ കാര്‍ഡ് ഡൗൺലോഡ് ചെയ്യാനുള്ള 'സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്' എന്ന രൂപത്തിലാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ എത്തുന്നത്.
ഇത്തരം ഇ-മെയിലുകൾ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്താനും, ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ നടത്താനും സാധ്യതയുള്ള സൈബർ ഫ്രോഡുകളുടെ ഭാഗകാം. നിങ്ങളുടെ സാമ്പത്തിക, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടുന്ന ഇ-മെയിലുകൾ, കോളുകൾ, എസ്എംഎസുകൾ, ലിങ്കുകൾ എന്നിവയോട് പ്രതികരിക്കാതിരിക്കുക.
ആദായ നികുതി വകുപ്പ് (Income Tax Department) ഒരു കാരണവശാലും ഇ-മെയിൽ വഴിയോ ഫോൺ വഴിയോ പൗരന്മാരിൽ നിന്ന് പിൻ നമ്പറുകൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, മറ്റ് സാമ്പത്തിക അക്കൗണ്ടുകളുടെ ആക്സസ് വിവരങ്ങൾ എന്നിവ ആവശ്യപ്പെടാറില്ല. വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റ് ഇ-മെയിലുകൾ അയക്കാറില്ല. ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഇത്തരം ഇ-മെയിലുകളോട് ഒരു കാരണവശാലും പ്രതികരിക്കരുത് എന്ന് ആദായ നികുതി വകുപ്പ് നേരത്തെതന്നെ പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആദായ നികുതി വകുപ്പിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഇ-മെയിൽ സന്ദേശമോ, അത്തരത്തിലുള്ള വെബ്‌സൈറ്റ് URLൽ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ webmanager@incometax.gov.in, അതിന്റെ ഒരു കോപ്പി incident@cert-in.org.in എന്ന മെയിൽ ഐഡിയിലേക്കും റിപ്പോർട്ട് ചെയ്യേണ്ടതാണ്. ശേഷം, ലഭിച്ച വ്യാജ ഇ-മെയിൽ ഉടൻതന്നെ ഡിലീറ്റ് ചെയ്യുക. പൊതുജനങ്ങൾ തങ്ങളുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും സംരക്ഷിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തണം.













