'ഈ വെബ്‌സൈറ്റില്‍ നിങ്ങളുടെ ഫോട്ടോകള്‍ ഉണ്ടെന്ന് വ്യാജസന്ദേശം' - സൈബര്‍ തട്ടിപ്പ് !
സൈബർ തട്ടിപ്പുകാർ പുതിയ രീതികളിലൂടെ ആളുകളെ കെണിയിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി 'ഈ വെബ്‌സൈറ്റിൽ നിങ്ങളുടെ ഫോട്ടോകൾ ഉണ്ട്', 'നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു' എന്ന തരത്തിലുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴിയോ, മെസ്സേജിംഗ് ആപ്പുകൾ വഴിയോ നിങ്ങളുടെ ഫോണിലേക്കും വന്നേക്കാം. അറിയുന്ന ആളുകളുടെ പേരിലോ അപരിചിതരുടെ പേരിലോ ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ അതീവ ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു.
ഇത്തരം സന്ദേശങ്ങളോടൊപ്പം നൽകിയിരിക്കുന്ന ലിങ്കുകൾ വ്യാജമായിരിക്കും. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഇ-മെയിൽ, അല്ലെങ്കിൽ മൊബൈൽ ഫോൺ തന്നെ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വ്യക്തിഗത വിവരങ്ങൾ ചോർത്താനും സാമ്പത്തിക തട്ടിപ്പുകൾ നടത്താനും ഇത് ഇടയാക്കും.
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ യാതൊരു കാരണവശാലും ഭയപ്പെട്ട് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. സന്ദേശം അയച്ച വ്യക്തിയെ നേരിട്ട് വിളിച്ച് (മെസ്സേജിലൂടെയല്ലാതെ) സന്ദേശത്തിന്റെ ആധികാരികത ഉറപ്പുവരുത്തുക. സംശയകരമായ ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ഇത്തരം സന്ദേശങ്ങൾ അയക്കുന്ന നമ്പറുകൾ ബ്ലോക്ക് ചെയ്യുക.
സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പോലീസിലോ സൈബർ സെല്ലിലോ റിപ്പോർട്ട് ചെയ്യുക. സൈബർ തട്ടിപ്പുകളിൽ നിന്ന് സ്വയം സുരക്ഷിതരായിരിക്കുക.













