എം-പരിവാഹൻ ആപ്പിന്റെ പേരിൽ സൈബർ തട്ടിപ്പ്: പിഴകൾ വാട്ട്സ്ആപ്പ് വഴി ആവശ്യപ്പെടാറില്ല

മോട്ടോർ വാഹന വകുപ്പിന്റെ എം-പരിവാഹൻ ആപ്പിന്റെ പേരിൽ സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. നിയമലംഘനത്തിന് പിഴ ചുമത്തിയെന്ന് വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ പണം തട്ടാൻ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകുന്നു.


മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചലാനുകൾക്ക് സമാനമായ സന്ദേശങ്ങളാണ് തട്ടിപ്പുകാർ അയക്കുന്നത്. അമിതവേഗത, സീറ്റ് ബെൽറ്റ്/ഹെൽമെറ്റ് ധരിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ വ്യാജ സന്ദേശങ്ങൾ. സന്ദേശത്തിനൊടുവിൽ കൂടുതൽ വിവരങ്ങൾക്കായി ഒരു ലിങ്കോ APK ഫയലോ നൽകിയിട്ടുണ്ടാകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിൽ ഒരു വ്യാജ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യപ്പെടും. ഇത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്ന 'OK' ഓപ്ഷൻ രണ്ടോ അതിലധികമോ തവണ ക്ലിക്ക് ചെയ്താൽ, തട്ടിപ്പുകാർക്ക് നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യാനാകും. ഇതിനായി റിമോട്ട് ആക്‌സസ് സോഫ്റ്റ്വെയറുകളാണ് അവർ ഉപയോഗിക്കുന്നത്. ഫോൺ ഹാക്ക് ചെയ്യുന്നതിലൂടെ, മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും.


പരിവാഹൻ സൈറ്റിന്റെ പേരിലുള്ള ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിനും പോലീസിനും നിരവധി പരാതികളാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്ന് സൈബർ പോലീസ് നിർദ്ദേശിച്ചു.



  1. മോട്ടോർ വാഹന വകുപ്പ് എം-പരിവാഹൻ ആപ്പിന്റെ പേരിൽ പിഴ അടയ്ക്കാനുള്ള സന്ദേശങ്ങൾ വാട്‌സ്ആപ്പ് വഴി അയക്കാറില്ല. ഇത്തരം സന്ദേശം ലഭിച്ചാൽ അത് വ്യാജമാണെന്ന് സംശയിക്കുക. 


ഇ-ചലാൻ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ യഥാർത്ഥ വെബ്‌സൈറ്റായ https://echallan.parivahan.gov.in സന്ദർശിക്കുക. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി .gov.in ഡൊമൈൻ ഉള്ള വെബ്‌സൈറ്റുകൾ മാത്രം ആശ്രയിക്കുക.


സംശയകരമായ ലിങ്കുകളിലോ APK ഫയലുകളിലോ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.


യഥാർത്ഥ ഇ-ചലാനിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, എഞ്ചിൻ നമ്പർ, ഷാസി നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. ഇത് പരിശോധിച്ച് ഉറപ്പാക്കുക.


ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ '1930' എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക. ഒരു മണിക്കൂറിനകം പരാതി നൽകുന്നത് പണം തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. cybercrime.gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതി നൽകാവുന്നതാണ്.