'സ്റ്റെഗനോഗ്രഫി'; ചിത്രങ്ങളിലൂടെ ഫോൺ ഹാക്ക് ചെയ്യുന്ന തട്ടിപ്പില്‍ വീഴരുതേ !
സൈബർ തട്ടിപ്പുകൾ ഭീകരമായ രീതിയിൽ വ്യാപിച്ചു കൊണ്ടിരിക്കെ മെസേജുകളുടേതുപോലെയും ബാങ്കുകളുടെ പേരിലും വാട്‌സ് ആപ്പ് ലിങ്കിലേക്കുമെന്ന പോലെ സമാനമായ രീതിയിൽ ചിത്രങ്ങളിലൂടെയും തട്ടിപ്പ് നടക്കുന്നു. ഇത്തരം തട്ടിപ്പുകളില്‍ അകപ്പെട്ട് പോകരുത്, പൊതുജനങ്ങൾ അജ്ഞാത ഇടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാതിരക്കാൻ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
വാട്‌സ് ആപ്പിലൂടെ സാധാരണയായി പങ്കുവെയ്ക്കപ്പെടുന്ന ചിത്രങ്ങൾ പോലും വലിയ തട്ടിപ്പിന്റെ തുടക്കമാകാം. ഫോണിൽ സന്ദേശമായി എത്തുന്ന ഇത്തരം ചിത്രങ്ങൾ ഓട്ടോ ഡൗൺലോഡ് ആയാൽ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മാൽവേർ അല്ലെങ്കിൽ റാൻസംവേർ ഫോണിൽ ഇൻസ്റ്റാളായി ഡിവൈസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു.
ഒറ്റനോട്ടത്തിൽ സാധാരണ ചിത്രമായി കരുതാവുന്ന ഇവ ഉപയോഗിച്ച് ബാങ്കിംഗ് വിവരങ്ങൾ, പാസ് വേർഡുകൾ, ഒടിപികൾ, യുപിഐ വിവരങ്ങൾ എന്നിവ മനസിലാക്കാനും ഫോൺ ഉടമകൾ അറിയാതെ തന്നെ ഫോൺ നിയന്ത്രിക്കാനുമുള്ള സ്‌റ്റെഗനോഗ്രഫി ടെക്‌നിക്ക് ഉപയോഗിച്ചുള്ള മാൽവെയറുകൾ ഒളിഞ്ഞിരിക്കുന്നുണ്ടാകും.
ഒരിക്കലും അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യരുത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വാട്‌സ് ആപ്പ് സെറ്റിങ്‌സിൽ മീഡിയ ഓട്ടോ ഡൗൺലോഡ് ഓഫാക്കുക. ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ 1930ൽ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിക്കുന്നു.