കായിക താരത്തിന് അർഹമായ ജോലി നൽകിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം


സ്പോർട്സ് ക്വാട്ട പ്രകാരം ഫുട്ബോളർ അനസ് എടത്തൊടികയ്ക്ക് ജോലി നൽകിയില്ലെന്ന വാർത്ത അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കായിക വകുപ്പ് മന്ത്രി ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെ സ്പോർട്സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡ പ്രകാരം താരത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്നിരിക്കെ ഈ വസ്തുത മറച്ചുവെച്ച് സർക്കാരിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും പ്രചാരണങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ.


പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചും ഏറ്റവും സുതാര്യമായും നടക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ സ്പോർട്സ് ക്വാട്ട നിയമനം. പിഎസ്സിയുടെ ചുമതലയുള്ള പൊതുഭരണ വകുപ്പാണ് ആ മാതൃകയിൽ സ്പോട്സ് ക്വാട്ട നിയമനത്തിന് നോട്ടിഫിക്കേഷൻ ഇറക്കുന്നതും റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും. കായിക താരങ്ങളുടെ സർട്ടിഫിറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത് സംസ്ഥാന സ്പോർട്സ് കൗൺസിലാണ്.


പൊതുഭരണ വകുപ്പ് 2021 ഫെബ്രുവരി 18 ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് 2015 മുതൽ 2019 വരെ കാലയളവിലെ സ്പോട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം, 2013 ഏപ്രിൽ ഒന്നു മുതൽ 2019 മാർച് 31 വരെ കാലയളവിൽ നിശ്ചിത കായികനേട്ടങ്ങൾ കൈവരിച്ചവർക്ക് അപേക്ഷിക്കാം. വിജ്ഞാപനത്തിലെ മാനദണ്ഡങ്ങൾ പ്രകാരം അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകൾ നടത്തിയ ഒളിമ്പിക്സ്, ലോകകപ്പ്, ലോക യൂണിവേഴ്സിറ്റി ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരെയും വ്യക്തിഗത ഇനങ്ങളിലോ ടീമിനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായവരെയും പരിഗണിക്കുന്നുണ്ട്. ഫുട്ബോൾ താരം മുഹമ്മദ് അനസ് നോട്ടിഫക്കേഷനിൽ പരാമർശിക്കുന്ന കാലയളവിൽ പ്രസ്തുത മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടില്ല.

 

സ്പോർട്സ് കൗൺസിൽ അംഗീകരിച്ച കായിക ഇനങ്ങളിൽ പങ്കെടുത്ത് ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടിയ കേരളാ ടീമിലെ അംഗങ്ങൾക്കും അഖിലേന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ കേരളത്തിലെ സർവകലാശാലകളെ പ്രതിനിധീകരിച്ച് ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടിയവർക്കും അപേക്ഷിക്കാം. അനസ് നോട്ടിഫക്കേഷനിൽ പരാമർശിക്കുന്ന കാലയളവിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇത്തരം ഒരു മത്സരങ്ങളിലും പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ ടീമിൽ അംഗമായിരുന്നില്ല. 


വളരെ ചെറിയ പ്രായത്തിൽ തന്നെ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തെത്തിയ മികച്ച താരമാണ് അനസ്. അദ്ദേഹത്തിന്റെ കരിയറിൽ നിരവധി പ്രൊഫഷണൽ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. പ്രൊഫഷണൽ ക്ലബ് മത്സരങ്ങൾ സ്പോട്സ് ക്വാട്ട നിയമനത്തിന് പരിഗണിക്കുന്നതല്ല. പ്രൊഫഷണൽ കരിയറിൽ സജീവമായിരുന്ന കാലയളവിൽ അനസ് ജോലിയ്ക്ക് അപേക്ഷ നൽകിയില്ല. വിരമിക്കുന്ന ഘട്ടത്തിലാണ് അപേക്ഷ നൽകിയത്. കായികതാരങ്ങളുടെ മികച്ച പ്രകടനം, സാമ്പത്തികനില, പ്രായം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പരിഗണനയിൽ മന്ത്രിസഭാ തീരുമാന പ്രകാരം ജോലി നൽകാറുണ്ട്. ഇത്തരത്തിൽ നിരവധി അപേക്ഷകളാണ് സർക്കാരിന് ലഭിക്കുന്നത്. ഇക്കൂട്ടത്തിൽ അനസിന്റെ അപേക്ഷയുമുണ്ട്. ഇക്കാര്യങ്ങൾ മറച്ചുവെച്ചാണ് സർക്കാരിനും കായിക മന്ത്രിക്കും എതിരായ പോസ്റ്റുകളും ആരോപണങ്ങളും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.



2016 ൽ എൽ ഡി എഫ് സർക്കാർ അധികാരമേറ്റതു മുതൽ ഇതുവരെ സ്പോട്സ് ക്വാട്ട പ്രകാരം 960 പേർക്ക് സർക്കാർ സർവീസിൽ നിയമനം നൽകി. ഇതിൽ 80 പേർ ഫുട്ബോൾ താരങ്ങളാണ്. ഇതൊരു റെക്കോഡാണ്. ആകെ നിയമനം ലഭിച്ചവരുടെ 12 ശതമാനം വരും ഫുട്ബോൾ താരങ്ങളുടെ എണ്ണം.ഒരു കാലയളവിലും ഇത്ര ഫുട്ബോൾ താരങ്ങൾക്ക് സർക്കാർ ജോലി ലഭിച്ചിട്ടില്ല. മുപ്പതോളം കായിക ഇനങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷ പരിഗണിക്കുന്നതിലാണ് ഫുട്ബോൾ താരങ്ങൾക്ക് മുൻതൂക്കം ലഭിച്ചത്. 


പ്രതിവർഷം 50 പേർക്കുള്ള സ്പോട്സ് ക്വാട്ട ഒഴിവു പ്രകാരം നൽകിയ നിയമനത്തിൽ 34 പേർ ഫുട്ബോൾ താരങ്ങളാണ്. 2010-14 കാലയളവിലെ ലിസ്റ്റിൽ നിന്ന് 14 പേർക്കും 2015-19 കാലയളവിലെ ലിസ്റ്റിൽ നിന്ന് 20 പേർക്കും ജോലി ലഭിച്ചു. പൊലീസിലും കെഎസ്ഇബിയിലും ഈ കാലയളവുകളിൽ 17 വീതം ഫുട്ബോൾ താരങ്ങൾക്ക് ജോലി നൽകിയിട്ടുണ്ട്. 2018 ൽ സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്ബോൾ ടീമിലെ ജോലിയില്ലാതിരുന്ന 11 പേർക്ക് സർക്കാർ സർവീസിൽ ക്ലർക്ക് തസ്തികയിൽ ജോലി നൽകി.