ജനന സർട്ടിഫിക്കറ്റ് എടുക്കാൻ അവസാന തീയതി നിശ്ചയിച്ചിട്ടില്ല: സോഷ്യൽ മീഡിയയിലെ പ്രചാരണം വ്യാജം
ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് അത് രജിസ്റ്റർ ചെയ്യാൻ 2026 ഏപ്രിൽ 27 വരെ മാത്രമേ സമയമുള്ളൂ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. പൗരത്വ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെന്നും നിശ്ചിത തീയതിക്ക് ശേഷം സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നുമാണ് വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ജനന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനോ ജനന തീയതി രജിസ്റ്റർ ചെയ്യാനോ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ യാതൊരുവിധ അന്തിമ തീയതിയും നിശ്ചയിച്ചിട്ടില്ല. പ്രത്യേക സമുദായങ്ങളെ ലക്ഷ്യം വെച്ചും പൗരത്വവുമായി ബന്ധിപ്പിച്ചും നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
ഔദ്യോഗിക അറിയിപ്പുകൾ ഇല്ലാതെ സോഷ്യൽ മീഡിയ വഴി വരുന്ന ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുത്.ജനന-മരണ രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ) രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുക. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ പരിശോധിക്കുക.













