ലഹരി ഉപയോഗം തടയാന്‍ എന്ന പേരില്‍ പോസ്റ്റുകള്‍; ഡി.ജി.പിയുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം
"കേരള പൊലീസ് നിങ്ങൾക്കൊപ്പമുണ്ട്, ലഹരി ഉപയോഗം പരാതി അറിയിക്കാൻ മറക്കരുത്" എന്ന് തുടങ്ങിയ ഡിജിപിയുടെ ചിത്രങ്ങൾ സഹിതം തയാറാക്കി പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ മുന്നറിയിപ്പുമായി കേരള പൊലീസ്.ആരെങ്കിലും ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ജനങ്ങൾക്ക് നേരിട്ട് ഡിജിപിയോട് പരാതിപ്പെടാം എന്നൊരു അറിയിപ്പ് വാട്‌സാപ്പ് സന്ദേശങ്ങളായും സമൂഹമാധ്യമ പോസ്റ്റുകളായും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരിട്ട് വിളിച്ചോ വാട്‌സാപ്പ് വഴി സന്ദേശമയച്ചോ പരാതികൾ നൽകാനുള്ള ഫോൺ നമ്പറുകൾ ഉൾപ്പെടെയാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. എന്നാൽ വ്യാജസന്ദേശത്തിലുള്ള നമ്പറുകൾ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പൊലീസ് നൽകിയ നമ്പറുകളല്ലെന്ന് കേരള പൊലീസ് വിശദമാക്കി.
മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിതരണം ചെയ്യുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിനെ വിവരം അറിയിക്കാൻ യഥാർഥത്തിൽ ഒരു നമ്പറുണ്ട്- 9995966666. ലഹരിക്കെതിരെയുള്ള പോരാട്ടത്തിനായി സംസ്ഥാന പൊലീസ് ആരംഭിച്ച യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി തുടങ്ങിയതാണ് ഈ നമ്പർ. ഇതിലേക്ക് വിവരങ്ങൾ വാട്‌സാപ്പ് ചെയ്യാവുന്നതാണ്.
പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതും ശിക്ഷാർഹമാണ്.