വോളിബോൾ അസോസിയേഷൻ സസ്പെൻഷനിൽ തന്നെ; സെലക്ഷൻ ട്രയലുകൾക്ക് ഒരുങ്ങും മുൻപ് ഉറപ്പാക്കുക !
സംസ്ഥാനത്ത് വോളിബോൾ അസോസിയേഷൻ നടത്തുന്ന സെലക്ഷൻ ട്രയലുകൾക്ക് ഒരുതരത്തിലുള്ള അംഗീകാരവുമില്ലെന്ന് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അറിയിച്ചു. വോളിബോൾ അസോസിയേഷന്റെ സസ്പെൻഷൻ പുനസ്ഥാപിച്ചതായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുന്നതിന് കോടതിയെ സമീപിച്ചിരുന്നു. കൂട്ടത്തിൽ വോളിബോൾ അസോസിയേഷന് നിലനിൽക്കുന്ന സസ്പെൻഷൻ നടപടി പിൻവലിച്ച് അംഗീകാരം പുനസ്ഥാപിച്ചതായിട്ടാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാൽ ഇത്തരം വാർത്തകളും പോസ്റ്റുകളും അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കൽ നടപടിയിൽ കേരള ഹൈക്കോടതി ഒരു മാസത്തെ താൽക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ടെങ്കിലും നേരത്തെയുള്ള സസ്പെൻഷൻ നടപടിയ്ക്ക് മാറ്റമില്ലെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വിശദീകരിച്ചു.
സ്പോർട്സ് കൗൺസിൽ രൂപീകരിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 31.03.2022ലെ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനപ്രകാരം സ്പോർട്സ് ആക്ടിലെ വകുപ്പ് 31A പ്രകാരം വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദ് ചെയ്തുള്ള സ്പോർട്സ് കൗൺസിലിന്റെ നടപടി ശരിവെയ്ക്കുകയും 27.07.2023 KSSC/c1/(court case)/5387/2021 ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർ വ്യവഹാരങ്ങൾ കോടതിയിൽ നിലനിൽക്കുകയാണ്.
ഈ അവസരത്തിൽ വോളിബോൾ അസോസിയേഷന് സംസ്ഥാനത്ത് പ്രവർത്തനങ്ങളൊന്നും നടത്താനാകില്ല. എന്നാൽ വോളിബോൾ അസോസിയേഷൻ കായികതാരങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ച് സെലക്ഷൻ പ്രോസസുകൾ നടത്തുകയും അതിനുവേണ്ട പ്രചാരണങ്ങളിലേർപ്പെടുകയും ചെയ്യുന്നുണ്ട്.
കേരളത്തിലെ വോളിബോൾ കായിക ഇനത്തിന്റെ നടത്തിപ്പിന് വേണ്ടി വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മറ്റിയ്ക്കാണ് വോളിബോൾ സെലക്ഷൻ ട്രയൽസ് നടത്തുവാനും ജില്ലാ സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുവാനും ദേശീയ ഗെയിംസ് ഉൾപ്പെടെയുള്ള നാഷണൽ ചാമ്പ്യൻഷിപ്പകൾ പങ്കെടുക്കുന്ന കേരളടീമിനെ തെരഞ്ഞെടുക്കാനും തയാറാക്കാനും പങ്കെടുപ്പിക്കാനുമുള്ള അംഗീകാരമുള്ളത്. കായിക താരങ്ങളെ തെറ്റിദ്ധരിപ്പിച്ചും കേരള സ്പോർട്സ് നിയമത്തിനും ചട്ടത്തിനും വിരുദ്ധമായും വോളിബോൾ അസോസിയേഷൻ കേരളത്തിൽ ദേശീയഗെയിംസിന് മുന്നോടിയായി നടക്കുന്ന സെലക്ഷൻ ട്രയലുകൾക്ക് ഒരുതരത്തിലുള്ള അംഗീകാരവുമില്ലെന്നും കായികതാരങ്ങൾ തെറ്റിദ്ധാരണയിൽപ്പെട്ടുപോകരുതെന്നും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അറിയിച്ചു.