കേരളത്തിലെത്തിയ ക്രിമിനൽ സംഘം: കേരള പൊലീസിന്റെ പേരിലുള്ള സന്ദേശം വ്യാജം


കുപ്രസിദ്ധ ക്രിമിനൽ സംഘം കേരളത്തിലെത്തിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള പൊലീസിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജസന്ദേശം.  വടക്കേ ഇന്ത്യയിലെ ഗുൽബർഗ-ബിദാർ ഇറാനി ഗ്യാങ് ക്രിമിനൽ സംഘം കേരളത്തിൽ കമ്പിളി വിൽപനക്കാരെന്ന മറവിൽ സഞ്ചരിക്കുന്നതായും ഇവരെ വീടുകളിൽ കയറ്റരുതെന്നും കണ്ടാലുടൻ പൊലീസിനെ അറിയിക്കണമെന്നുമുള്ള സന്ദേശവും 26 പേരുടെ ചിത്രങ്ങളുമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് സന്ദേശം  നൽകിയിട്ടില്ലെന്ന് കേരള പൊലീസ് അറിയിച്ചു.


2019ൽ കർണാടക മംഗലുരു ബാജ്പെ പൊലീസ് പുറത്തുവിട്ട ഒരു അറിയിപ്പാണ് കേരള പൊലീസിന്റേതെന്ന പേരിൽ പ്രചരിക്കുന്നത്. 2019ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ ചിത്രത്തിനു താഴെ മലയാളത്തിൽ അറിയിപ്പ് കൃത്രിമമായി എഴുതിചേർത്താണ് കേരളത്തിലെ വിവിധ സോഷ്യൽമീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സന്ദേശത്തിന് കേരളവുമായി ബന്ധമില്ലെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 


വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.