'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ദുരിതബാധിതർക്ക് വേണ്ടി ഒരു രൂപ പോലും ചിലവഴിച്ചില്ലെന്ന പ്രചരണം' കല്ല് വെച്ച നുണ !

ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് 658.42 കോടി; വയനാടിനായി ഒറ്റരൂപ പോലും ചെലവഴിച്ചില്ലെന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത കല്ല് വെച്ച നുണയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുവാനും അവരെ പുനരധിവസിപ്പിക്കുന്നതിനുമായി   സംസ്ഥാന സർക്കാർ എല്ലാവിധ പരിശ്രമങ്ങളും നടത്തി വരുകയാണ്. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും ഉദ്ദേശിക്കുന്നു. എന്നാൽ ദുരന്തം നടന്ന് ഇത്രയും നാളായിട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഒരു സഹായം പോലും ലഭിച്ചിട്ടില്ല. 



പൂർണമായും സംസ്ഥാനത്തിന്റെ ഏകോപനങ്ങളും പ്രവർത്തനങ്ങളുമാണ് ദുരന്തബാധിത മേഖലകളിൽ നടക്കുന്നത്.ഈ അവസരത്തിലാണ് സംസ്ഥാനസർക്കാർ ജൂലൈ മുപ്പതാം തീയിത മുതൽ സ്വീകരിച്ചു തുടങ്ങിയ സംഭാവനതുകയിൽ ഒരു രൂപ പോലും ദുരന്തബാധിതർക്ക് കൈമാറിയില്ലെന്നുള്ള ആക്ഷേപവാർത്തകൾ പുറത്തുവരുന്നത്. ദുരന്തബാധിതരെ കൈവിടാതെ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ദുരന്തബാധിതരെ എല്ലാത്തരത്തിലും സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധവുമാണ്.



അടിയന്തിര സഹായം 


ദുരന്തം ഉണ്ടായതിന് പിന്നാലെ 1032 കുടുംബങ്ങൾക്ക് CMDRF ൽ നിന്നും 5000 രൂപ വീതം അടിയന്തര സഹായം നൽകുകയുണ്ടായി.

ഇതിനായി 51 , 60 ,000 രൂപ ചിലവഴിച്ചു. ഇതിന് പുറമേ SDRF ഫണ്ടിൽ നിന്ന് വീണ്ടും 5000 രൂപ വീതം 1032 കുടുംബങ്ങൾക്ക്  51,60,000 രൂപ കൂടി അനുവദിച്ചു. രണ്ട് ഫണ്ടുകളിൽ നിന്നായി 1032 കുടുംബങ്ങൾക്ക്  10000 രൂപ വീതം 10,320,000 രൂപ ലഭിച്ച് കഴിഞ്ഞു .



പ്രതിദിനം 300/- രൂപ പദ്ധതി


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായവും അനുവദിച്ചു. കിടപ്പുരോഗികൾക്ക് 300 രൂപ വീതം 30 ദിവസത്തേക്ക് സഹായം നൽകി. 33 പേർക്ക് ഇത്തരത്തിൽ സഹായം നൽകിയതിലൂടെ 2,97,000 രൂപ ചെലവഴിച്ചു.


ഇതിന് പുറമേ  SDRF ഫണ്ടിൽ നിന്ന് ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം 300 രൂപ വീതം 30 ദിവസത്തേക്ക് 2185 പേർക്ക് നൽകി. ഇതിനായി 1,96,81,000 രൂപയാണ് SDRF ൽ നിന്നും ചെലവഴിച്ചത്. രണ്ട് ഇനത്തിലുമായി 19,978,000 രൂപ ചിലവഴിച്ചു 



മരണപ്പെട്ടവരുടെ  ആശ്രിതർക്ക് 6 ലക്ഷം രൂപ 


മരണപ്പെട്ടവരുടെ ആശ്രിതർക്ക് SDRF ൽ നിന്നും നാല് ലക്ഷം രൂപ വീതം നൽകുകയുണ്ടായി. 157 പേർക്കാണ് ഇത്തരത്തിൽ ധനസഹായം നൽകിയത്. ഇതിന് പുറമേ മരണപ്പെട്ടവരുടെ ആശ്രിതർക്ക് CMDRF ൽ നിന്നും ധനസഹായമായി 1,90,000 രൂപ വീതം നൽകി. രണ്ട് ഇനത്തിലുമായി 93,080,000 രൂപ നൽകി കഴിഞ്ഞു 



പരിക്കേറ്റവർക്കുള്ള ചികിത്സാ ധനസഹായം


 ഒരാഴ്ചയിൽ താഴെ ആശുപത്രിയിൽ കഴിഞ്ഞവർക്ക് 5400 രൂപ വീതം നൽകി. എട്ടുപേർക്ക് SDRF ൽ നിന്നും 43,200 രൂപ ഈനത്തിൽ ചെലവഴിച്ചു. ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിയിൽ കഴിഞ്ഞവർക്കുള്ള ചികിത്സാ സഹായം പതിനാറായിരം രൂപ വീതമാണ് നൽകിയത്. 26 പേർക്ക് ഇത്തരത്തിൽ സഹായം അനുവദിച്ചു.4,16,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്.


ഇതിന് പുറമേ ഗുരുതരമായി പരിക്കേറ്റ 34 പേർക്ക്  CMDRF ഫണ്ട് വഴി 17,00 ,000 രൂപ വേറെയും നൽകി 


പരിക്കേറ്റവർക്ക് മാത്രമായി രണ്ട് ഇനങ്ങളിലുമായി 2,159,200 രൂപ ചിലവഴിച്ചു 


ഇതിനുപുറമേ ശവസംസ്‌കാരത്തിനുള്ള പതിനായിരം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 174 പേരുടെ ആശ്രി തർക്ക് അനുവദിച്ചു.17,40,000 രൂപയാണ് ഇതിനായി അനുവദിച്ചത്.


വാടക ഇനത്തിൽ


ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വാടകയിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആഗസ്റ്റ് മാസത്തിൽ 813 കുടുംബങ്ങൾക്കായി  28,57,800 രൂപ വിതരണം ചെയ്തു. സെപ്റ്റംബർ മാസത്തിൽ 807 കുടുംബങ്ങൾക്ക് വാടക ഇനത്തിൽ 48,49,600 രൂപ നൽകി.ഒക്ടോബറിൽ 773 കുടുംബങ്ങൾക്ക് 46,19,000 രൂപയും വാടക ഇനത്തിൽ നൽകി.


വാടക ഇനത്തിൽ മാത്രമായി CMDRF വഴി 12,326,400 രൂപ ചിലവഴിച്ചു 



CMDRF ൽ നിന്ന് 7,15,00,000 രൂപയാണ് വൈത്തിരി തഹസിൽദാർക്ക് അനുവദിച്ച തുക. അതിൽ നിന്നും 5,15,03,400 രൂപ ഇതിനോടകം ദുരന്തബാധിതർക്കായി ചെലവഴിച്ചിട്ടുണ്ട്.


SDRF ൽ നിന്നും 13,99,00,000 രൂപയാണ് വൈത്തിരി തഹസിൽദാർക്ക്  ധനസഹായത്തിനായി കൈമാറിയത്. അതിൽ 9,47,71,281 രൂപ ഇതിനോടകം ചെലവഴിച്ചു.


ദുരന്തബാധിതരുടെ പുതുജീവിതത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വസ്തുതകള്‍ തിരിച്ചറിയാനും വ്യാജവാര്‍ത്തകളെ അവഗണിക്കാനും  ജനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Tags: