നൂറുദിന കർമ്മപരിപാടി; പദ്ധതികൾ ലക്ഷ്യത്തിലെത്തിയില്ലെന്ന പ്രചരണം അടിസ്ഥാനരഹിതം


സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികൾ ഉൾപ്പെടുന്ന നാലാം നൂറുദിന കർമ്മപരിപാടിയിലെ പദ്ധതികൾ ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നും പൂർത്തീകരണം കണ്ണിൽപൊടിയിടലെന്നും സ്ഥാപിച്ച് നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളും പോസ്റ്റുകളും  അടിസ്ഥാന രഹിതമെന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ ആകെയുള്ള 21 പദ്ധതികളും പൂർത്തിയാക്കി എന്ന് പറയുന്നെങ്കിലും കോട്ടയം കോടിമത ഫിഷ് മാർക്കറ്റ് ഉൾപ്പെടെ പലതും തുടങ്ങിയിട്ടില്ല എന്നും  മാധ്യമങ്ങളിലെ  വാർത്തകളിൽ പരാമർശിക്കുന്നുണ്ട്.


ഫിഷറീസ് വകുപ്പിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെട്ട 21 പദ്ധതികളും പൂർത്തിയായവയാണ്. ഇവയിൽ 13 എണ്ണം നിർമ്മാണം പൂർത്തിയാക്കിയവയും 8 എണ്ണം നിർമ്മാണോദ്ഘാടനവുമാണ്. പദ്ധതി പൂർത്തിയാക്കിയ 13 എണ്ണത്തിൽ 2 എണ്ണം ഉദ്ഘാടനം കഴിഞ്ഞവയും മറ്റുള്ളവ ഉദ്ഘാടനത്തിന് തയ്യാറായ നിലയിലുള്ളവയുമാണ്. 8  നിർമ്മാണോദ്ഘാടനങ്ങളിൽ 3 എണ്ണം ഉദ്ഘാടനം കഴിഞ്ഞവയും മറ്റുള്ളവ ഉദ്ഘാടനത്തിന് തയ്യാറായ നിലയിലുള്ളവയുമാണ്. തയ്യാറായ നിലയിലുള്ളവയെല്ലാം പൂർത്തീകരണം കഴിഞ്ഞതിനാൽ തന്നെ 21 പദ്ധതികളും പൂർത്തിയായതായാണ് കണക്കാക്കുക. സമാനമായി സാംസ്‌കാരിക വകുപ്പിലെ 22 പദ്ധതികളിൽ 15 എണ്ണം ഉദ്ഘാടനം കഴിഞ്ഞവയും ബാക്കി 7 എണ്ണം പദ്ധതി തയ്യാറെടുപ്പുകൾ പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായവയുമാണ്. 



വാർത്തയിൽ പരാമർശിച്ച കോട്ടയം കോടിമത ഫിഷ് മാർക്കറ്റ് നിർമ്മാണം മുഴുവൻ പൂർത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറായ പദ്ധതിയാണ്. പ്രവൃത്തികൾ പൂർത്തിയാക്കിയ കെട്ടിടങ്ങളുടെയെല്ലാം ചിത്രങ്ങളും നിർമ്മാണോദ്ഘാടനം നടക്കുന്നവയുടെ ഭരണാനുമതിയും അനുബന്ധ ഉത്തരവുകളുമെല്ലാം 100 ദിന പരിപാടി വെബ്സൈറ്റിൽ(https://www.100days.kerala.gov.in) നൽകിയിട്ടുണ്ട്. വളരെ സുതാര്യമായാണ് 100 ദിന പരിപാടി നടപ്പിലാക്കുന്നത്. ഇതിലുൾപ്പെട്ട പദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് വിലയിരുത്താനായാണ് പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കിയത്. കണക്കുകളും ചിത്രങ്ങളും സഹിതം കൃത്യമായി അതിൽ എല്ലാ വിശദാംശങ്ങളും നൽകിയിട്ടുണ്ട്. ജനങ്ങളെ അടിസ്ഥാനരഹിതമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ബന്ധപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ടും വെബ്സൈറ്റുകൾ പരിശോധിച്ചും വസ്തുതകൾ പരിശോധിക്കാവുന്നതാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.