പൊന്നാനി പുനർഗേഹം ഭവന നിർമാണം: പ്രചരിക്കുന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം
പൊന്നാനി പുനർഗേഹം ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലയിൽ പ്രകൃതി ദുരന്തമുണ്ടായി എന്ന കാരണം ചൂണ്ടിക്കാട്ടി കരാറുകാരൻ ഭവനനിർമ്മാണ പദ്ധതിയുടെ കാലാവധി നീട്ടി വാങ്ങിയതായും ഭവനങ്ങളുടെ അടിത്തറമാത്രം പൂർത്തിയാക്കി നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നുവെന്നുമാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
പൊന്നാനിയിൽ 100 ഫ്‌ളാറ്റുകളുടെ നിർമ്മാണം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ടെണ്ടർ ചെയ്തതാണ്. കരാറുകാരൻ സെപ്തംബർ ഏഴിന് പൂർത്തിയാക്കേണ്ട പദ്ധതിയുടെ കാലാവധി നീട്ടി നൽകാൻ 'ജില്ലയിൽ പ്രകൃതി ദുരന്തമുണ്ടായി കരാർ കാലാവധി നീട്ടി നൽകണം' എന്ന കാരണമാണ് സൂചിപ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ കാലാവധി നീട്ടി അനുമതി നൽകിയെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം പക്ഷെ നിജസ്ഥിതി പരിശോധിച്ചാൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത് ഈ കാരണം സൂചിപ്പിച്ചല്ലെന്ന് മനസിലാക്കാവുന്നതാണ്. കൂടാതെ 11.09/2024ൽ സമർപ്പിച്ച കരാറുകാരന്റെ അപേക്ഷയിൽ തീരുമാനം കൈക്കൊള്ളേണ്ട സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ അപേക്ഷ ലഭിച്ചിട്ടില്ലാത്തതിനാൽ തീരുമാനം എടുത്തിട്ടുമില്ല.
13 ബ്ലോക്കുകളിലായി നിർമിക്കുന്ന സമുച്ചയത്തിലെ പല ബ്ലോക്കുകളും ഒന്നാം നില ഉൾപ്പെടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.ഈ ആരോപണങ്ങളിൽ സൂചിപ്പിക്കുന്ന ആക്ഷേപങ്ങളിലൊന്നും ഒരുവിധത്തിലുള്ള യാഥാർത്ഥ്യങ്ങളും ഉൾപ്പെട്ടിട്ടില്ല.