പുനർഗേഹം പദ്ധതി: ബജറ്റ് വിഹിതം ചെലവഴിക്കുന്നില്ലെന്നത് വ്യാജപ്രചാരണം
* 2024-2025 സാമ്പത്തിക വർഷം 27.84 കോടി ഇതിനകം ചെലവഴിച്ചു
പുനർഗേഹം പദ്ധതിക്ക് ബജറ്റിൽ വകയിരുത്തിയ 20 കോടി രൂപ പോലും സർക്കാർ അനുവദിക്കുയോ വിനിയോഗിക്കുകയോ ചെയ്യുന്നില്ല എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ് എന്ന് ഫിഷറീസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് കടലാക്രമണം നേരിടുന്ന മേഖലകളിലെ കുടുംബങ്ങളെ സുരക്ഷിതമായി അതിവസിപ്പിക്കാൻ സർക്കാർ തയാറാക്കിയ 2450 കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് പുനർഗേഹം. പദ്ധതിയിലൂടെ 5142 കുടുംബങ്ങളെ സുരക്ഷിത ഭവനമൊരുക്കി പുനരധിവസിപ്പിച്ചു കഴിഞ്ഞു.
2024-2025 സാമ്പത്തിക വർഷം സംസ്ഥാന ബജറ്റിൽ 40 കോടി രൂപയാണ് പുനർഗേഹം പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ നിലവിൽ വിനിയോഗിക്കാൻ കഴിയുന്ന 27.84 കോടി രൂപയിൽ വീടു നിർമ്മാണം, ഫ്ളാറ്റ് നിർമ്മാണം എന്നിവയുടെ ബില്ലുകൾ, നിർമ്മാണ ചെലവുകൾ ഇനത്തിലായി 27.79 കോടി ചെലഴിച്ചിട്ടുണ്ട്. ഇതിൽ തന്നെ ആഗസ്റ്റ് മാസത്തിൽ ലഭിച്ച 20 കോടിയിൽ നിന്നും ഫ്ളാറ്റ് പദ്ധതികളുടെ വർക്ക് ബില്ലുകൾ തീർപ്പാക്കാൻ 13.22 കോടിയും വ്യക്തിഗത ഭവന നിർമ്മാണ ധനസഹായത്തിലേക്കായി 6.77 കോടിയും വിനിയോഗിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൃത്യമായ ഫണ്ട് വിനിയോഗം നടത്തുന്ന പദ്ധതിയിലെ തുക വകമാറ്റാനാകില്ലെന്ന വസ്തുത പരിശോധിക്കാതെയാണ് സോഷ്യൽമീഡിയയിലടക്കം ഇത് സംബന്ധിച്ച വ്യാജ വാർത്ത പ്രചരിക്കുന്നത്.
പൂർണമായും സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ പുനർഗേഹം കൃത്യമായ ഫണ്ട് വിനിയോഗത്തിലൂടെ മുന്നേറവേ ബോധപൂർവം പദ്ധതിയെ സംശയത്തിന്റെ നിഴലിലാക്കുകയാണ് വ്യാജ വാർത്തയിലൂടെ. കണക്കുകൾ പരിശോധിച്ചാൽ 2023-24 സാമ്പത്തിക വർഷം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പദ്ധതി നിർവഹണത്തിനായി 250 കോടി രൂപയും സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്ന് 113.75 കോടി രൂപയും ഉൾപ്പെടെ 363.75 കോടി അനുവദിക്കുകയും 363.7 കോടി രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
തീരദേശത്ത് രൂക്ഷമായ കടലാക്രമണ ഭീഷണയിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങളേയും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കി പുനരധിവസിപ്പിക്കുകയാണ് പുനർഗേഹത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 21,913 കുടുംബങ്ങൾ ഇത്തരത്തിൽ തീരദേശത്ത് അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 8,845 കുടുംബങ്ങളാണ് പുനർഗേഹം പദ്ധതിപ്രകാരം സുരക്ഷിത മേഖലയിലേയ്ക്ക് മാറിത്താമസിക്കാൻ സന്നദ്ധതരായിട്ടുള്ളത്. മാറിതാമസിക്കുന്ന ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. ആദ്യഘട്ടത്തിൽ ഭൂമി കണ്ടെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കിയവരിൽ 2211 കുടുംബങ്ങൾ പുതിയ ഭവനങ്ങളിലേക്കും 390 കുടുംബങ്ങൾ ഫ്ളാറ്റുകളിലേക്കും പുനരധിവസിപ്പിച്ചു കഴിഞ്ഞു. സർക്കാരിന്റെ അഭിമാന പദ്ധതിയുടെ വിശ്വാസ്യത തളർത്താനും, ക്ഷേമപ്രവർത്തനങ്ങളെ ബോധപൂർവ്വം അധിക്ഷേപിക്കാനും ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത്.