"ഓണക്കിറ്റിൽ ശർക്കരയില്ല"; ശർക്കരയിൽ മാലിന്യമെന്ന് വ്യാജപ്രചാരണം
'സർക്കാർ ഓണം ഓഫർ- ശർക്കരയുടെ കൂടെ അടിവസ്ത്രം തികച്ചും ഫ്രീ'യെന്ന ടൈറ്റിലോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് തികച്ചും അടിസ്ഥാനരഹിതമായ പ്രചരണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തവണത്തെ ഓണക്കിറ്റിലുൾപ്പെട്ട സാധനങ്ങളിൽ ശർക്കരയില്ല. എന്നാൽ സംസ്ഥാനത്ത് സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ശർക്കരയ്ക്കുള്ളിൽ നിന്ന് മാലിന്യം ലഭിച്ചതായിട്ടാണ് വീഡിയോയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
ആറു ലക്ഷം മഞ്ഞ കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ കാർഡ് ഉടമകൾക്കും സർക്കാർ സൗജന്യഓണക്കിറ്റ് വിതരണം ചെയ്തു തുടങ്ങിയത് സെപ്തംബർ 09ന് ആണ്. അന്ന് രാവിലെ 09 മണിക്ക് പേരൂർക്കടയിലാണ് ഓണക്കിറ്റ് വിതരണോദ്ഘാടനം നടന്നത്. എന്നാൽ പ്രചരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന് ഓണക്കിറ്റ് വിതരണം തുടങ്ങുന്നതിനും നാളുകൾക്ക് മുൻപാണ്.
റേഷൻ കടകൾ വഴി വിതരണം നടത്തുന്ന കിറ്റിൽ ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്,തുണിസഞ്ചിയടക്കം 14 ഇനങ്ങളാണുള്ളത്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ ബോധപൂർവ്വം അധിക്ഷേപിക്കാനും ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത്. സമൂഹത്തിൽ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്.