പ്രചാരണം വ്യാജം; മൂന്നു പരാതികളിലും തുടർ നടപടി സ്വീകരിച്ചു

കോവിഡ് പ്രതിസന്ധികാരണം പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഇടുക്കി പീരുമേട് സ്വദേശീയായ അസിം കെ.കെ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് മുൻപാകെ സമർപ്പിച്ച മൂന്ന് പരാതികളിലൊന്നു പോലും തീർപ്പായിട്ടില്ലെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വാസ്തവവിരുദ്ധം. പരാതിക്കാരൻ സമർപ്പിച്ച 'സ്വയംതൊഴിൽ ആരംഭിക്കാൻ വായ്പ സഹായം, ഭാര്യയുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം, വായ്പ തിരിച്ചടവിന് സാവകാശം'എന്നീ നിവേദനങ്ങളിലൊക്കെ നടപടികളെടുത്തു വരികയാണ്.


അസിം.കെ.കെ, കാരത്തൊരു വീട്ടിൽ, 35-മൈൽ മുണ്ടക്കയം, 686513 വിലാസത്തിൽ സമർപ്പിച്ചിട്ടുള്ള പരാതി നമ്പർ IDK0928036-ൽ സമർപ്പിച്ചിട്ടുള്ള നിവേദനം നാട്ടിൽ സ്വയം തൊഴിൽ കന്നുകാലി ഫാം തുടങ്ങുന്നതിനായി വായ്പ ലഭിക്കുന്നതിനാണ്. പരാതിയിൽ നടപടിയെടുക്കാൻ 2023 ഡിസംബർ 20ന് ജില്ലാ കളക്ടർ ജനറൽ മാനേജർ (ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം)ക്ക് അയച്ചിരുന്നു. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അഴുത ബ്ലോക്ക് വ്യവസായ വികസന ഓഫീസർ 2023 ഡിസംബർ 28ന് പരാതിക്കാരനെ നേരിട്ട് കണ്ട് വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതി വിവരങ്ങൾ കൈമാറിയിരുന്നു. പിഎംഇജിപിയിൽ 35 % സബ്സിഡി നിരക്കിലും കെൽസ് മുഖേന മുദ്രാലോൺ അപേക്ഷിച്ചു OFOE പദ്ധതിയിലൂടെ പരമാവധി 6 % പലിശ സബ്സിഡിയിലും കന്നുകാലി ഫാം നടത്താൻ ദേശസാൽകൃത/ കേരള ബാങ്ക് മുഖേന അപേക്ഷ സമർപ്പിക്കാൻ അറിയിക്കുകയും സഹായങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ കൈമാറുകയും ചെയ്തിരുന്നു. 2024 ജനുവരി 4ന് പരാതി പോർട്ടലിൽ തീർപ്പാക്കിയിട്ടുണ്ട്.


പരാതി നമ്പർ IDK0925654-ൽ ഭാര്യ മിനിമോളുടെ ചികിത്സയ്ക്കായി ചിലവായ പണം സർക്കാരിൽ നിന്ന് ലഭിക്കുന്നതിനായിട്ടുള്ളതാണ്. ഈ പരാതി ജില്ലാ കളക്ടർ കൊക്കയാർ വില്ലേജ് ഓഫീസർക്ക് കൈമാറുകയും തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോർട്ടലിലേക്ക് അപേക്ഷ മാറ്റുകയും ചെയ്തു ടോക്കൺ നമ്പർ CMDRF -D240219777ൽ പരാതിക്കാരിക്ക് 2024 ഫെബ്രുവരി 16ന് മറുപടി നൽകുകയും ചെയ്തു. 18ന് ഇടുക്കി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഈ പരാതി നവകേരള സദസ്സ് പോർട്ടലിൽ തീർപ്പാക്കിയിരുന്നു. അപേക്ഷയുടെ നടപടി cmo.kerala.gov.in ലഭ്യമാണ്.


പരാതി നമ്പർ IDK0925653യിൽ മിനിമോളുടെ പേരിൽ ഇടുക്കി ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നെടുത്ത വായ്പയയുടെ തിരിച്ചടവിന് ഇളവ് ആവശ്യപ്പെട്ടുള്ളതാണ്. ഈ പരാതി ജില്ലാകളക്ടർ 2023 ഡിസംബർ 30ന് കൊക്കയാർ വില്ലേജ് ഓഫീസർക്ക് കൈമാറിയിരുന്നു എന്നാൽ പരാതി സഹകരണ വകുപ്പുമായി ബന്ധപ്പെട്ടതിനാൽ 2024 മാർച്ച് 13ന് പരാതി ജില്ലാകളക്ടർക്ക് തിരികെ നൽകുകയും ജൂൺ 6ന് പരാതി ഇടുക്കി ജോയിന്റ് രജിസ്ട്രാർക്ക് അയയ്ക്കുകയും ചെയ്തു. ഈ പരാതിയിൽ നടപടി തുടരുന്നു. നവകേരള സദസ്സ് പോർട്ടലിൽ വിവരങ്ങൾ ലഭ്യമാണ്.