ശ്രദ്ധിക്കണേ - ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പാകരുത്

ഇന്‍സ്റ്റന്റ് ലോണ്‍ സംവിധാനത്തില്‍ തല വെയ്ക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ഇന്‍സ്റ്റന്റ് ലോണിനെ സംബന്ധിച്ച് കേരള പോലീസ് പറയുന്നു.


ഇന്‍സ്റ്റന്റ് ലോണ്‍ ലഭ്യമാകുന്നതിനുള്ള മൊബൈല്‍ അപ്ലിക്കേഷനില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ നിങ്ങള്‍ കെണിയില്‍ ആയെന്നാണര്‍ത്ഥം. കാരണം ആ ആപ്പിലൂടെ നിങ്ങളുടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കയ്യിലെത്തും. മാത്രമല്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാര്‍ ഈടാക്കുന്നത്. പലിശയുള്‍പ്പെടെയുള്ള തുക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിങ്ങളുടെ ഫോണില്‍ നിന്ന് തന്നെ കൈക്കലാക്കിയ നിങ്ങളുടെ ഫോട്ടോയും മറ്റും പലതരത്തില്‍ എഡിറ്റ് ചെയ്ത് നിങ്ങളുടെ തന്നെ ഫോണില്‍ ഉള്ള നമ്പറുകളിലേക്ക് അയച്ചുനല്‍കി അപകീര്‍ത്തിപ്പെടുത്തും. ഫോണില്‍ മറ്റു സ്വകാര്യവിവരങ്ങള്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തട്ടിപ്പുകാര്‍ കൈവശപ്പെടുത്താന്‍ ഇടയുണ്ട്. ആയതിനാല്‍ ഇന്‍സ്റ്റന്റ് ലോണ്‍ ഒരു ആപ്പായി മാറാതെ ശ്രദ്ധിക്കുക.