പെറുക്കി കളയല്ലേ, പോഷകം ചേര്‍ത്ത അരിയാണ്

സംസ്ഥാനത്ത് റേഷന്‍കടകളിലൂടെ വിതരണം ചെയ്യുന്ന അരിയില്‍ കാണുന്ന വെളുത്ത നിറത്തിലുളള അരിപോലെ ഇരിക്കുന്ന വസ്തു എന്താണെന്ന് സംശയം ചോദിച്ചുകൊണ്ട് ഫാക്ട് ചെക്ക് ഡിവിഷന് സന്ദേശം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച വസ്തുത താഴെ നല്‍കുന്നു. 


സംസ്ഥാനത്ത് പോഷകക്കുറവ് പരിഹരിക്കുന്നതിനായി റേഷന്‍കടകളിലൂടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് സമ്പുഷ്ടീകരിച്ച അരിയുടെ വിതരണം. ഒരു ക്വിന്റല്‍ അരിയില്‍ 1 കിലോഗ്രാം വെളള നിറത്തിലുളള വൈറ്റമിന്‍ കര്‍ണലുകള്‍ ചേര്‍ത്ത അരിയാണ് സമ്പുഷ്ടീകരിച്ച അരി. 2022 ആഗസ്റ്റ് മാസത്തില്‍ വയനാട് ജില്ലയിലാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കിയത്. 2023 ജൂണ്‍ മാസത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും റേഷന്‍കടകളിലൂടെ സമ്പുഷ്ടീകരിച്ച അരിയാണ് വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വിപുലമായ ബോധവത്ക്കരണം നടന്നുവരികയാണ്. റേഷന്‍കടകളില്‍ നിന്നും വിതരണം ചെയ്യുന്ന അരിയില്‍ വെളള, ഓഫ് വൈറ്റ് എന്നീ രണ്ട് നിറത്തിലുളള വൈറ്റമിന്‍ കര്‍ണലുകളാണ് ചേര്‍ക്കുന്നത്. അരി കഴുകുമ്പോഴോ മറ്റോ ഇവ പെറുക്കി മാറ്റിവെയ്‌ക്കേണ്ടതില്ല. അരിക്കൊപ്പം വേവിച്ച് ചോറാക്കി കഴിക്കാവുന്നതാണ്. 


പോഷകാഹാരക്കുറവ് ഇല്ലാത്ത ജനത നാടിന്റെ ആവശ്യമാണ്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.