പഞ്ചസാര നശിപ്പിച്ച് കളഞ്ഞത് ഉപയോഗശൂന്യമായതിനാല്‍

തൃശ്ശൂരില്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാതെ പഞ്ചസാര കുഴിച്ചുമൂടുന്നു എന്ന രീതിയില്‍ ചിത്രങ്ങളടക്കമുളള സന്ദേശം വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സിവില്‍ സ്‌പ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഫാക്ട് ചെക്ക് ഡിവിഷന് മേല്‍പ്പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണകുറിപ്പിന്റെ സംക്ഷിതരൂപം താഴെ നല്‍കുന്നു.   


2022 സപ്തംബര്‍ മാസത്തില്‍ തൃശ്ശൂര്‍ ചെന്ത്രാപ്പിന്നിയില്‍ അനധികൃതമായി കടത്തിയ 27 ചാക്ക് അരിയും 11 ചാക്ക് പഞ്ചസാരയും മതിലകം പോലീസ് പിടിച്ചെടുത്തിരുന്നു. എടമുട്ടം NFSA ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യസാധനങ്ങള്‍ കാലക്രമേണ ഉപയോഗശൂന്യമാകും എന്നതിനാല്‍ ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതനുസരിച്ച് പൊതുവിപണി വഴിയോ, പരസ്യ ലേലം വഴിയോ പഞ്ചസാരയും അരിയും വിറ്റഴിച്ച് തുക സര്‍ക്കാരില്‍ അടവാക്കുന്നതിന് തൃശ്ശൂര്‍ കലക്ടര്‍ അനുമതി നല്‍കി. FCIയിലെ ക്വാളിറ്റി കണ്‍ട്രോളര്‍ അരിയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം 1278.65 കിലോഗ്രാം പച്ചരി സപ്ലൈകോ വഴി വിറ്റഴിക്കാനും, ഗുണനിലവാരം മോശമായ 545.85 കിലോഗ്രാം പഞ്ചസാര സപ്ലൈകോ നിര്‍ദേശമനുസരിച്ച് നശിപ്പിച്ച് കളയുന്നതിനും ഉത്തരവ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചസാര നശിപ്പിച്ചത്. ഇത് സംബന്ധിച്ച് വകുപ്പുതലത്തില്‍ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.