ഓണ്‍ലൈന്‍ ജോലി വാഗ്ദാനങ്ങള്‍ തിരിച്ചറിയാം - ശ്രദ്ധിക്കുക
ഓണ്‍ലൈന്‍ വഴി വ്യാജ ജോലി വാഗ്ദാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്. പ്രമുഖ കമ്പനികളുടെ ലെറ്റര്‍ ഹെഡില്‍ ഇമെയില്‍ വഴിയോ, ഫോണ്‍ മുഖേനയോ ആണ് വ്യാജ ജോലി വാഗ്ദാനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ തേടി വരുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ റെസ്യുമെ കണ്ടിട്ടാണ് വിളിക്കുന്നതെന്ന് ഫോണ്‍ മുഖാന്തിരം അറിയിക്കുന്നു. ഓണ്‍ലൈന്‍ അഭിമുഖം ആവശ്യപ്പെടുന്ന ഇവര്‍ സമാന്തര തസ്തികയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ തുക ശമ്പളമായി ഓഫര്‍ ചെയ്യും. പ്രമുഖ കമ്പനികള്‍ അവരുടെ ഔദ്യോഗിക ഇമെയില്‍ മുഖാന്തിരം ജോലി സംബന്ധമായ കാര്യങ്ങള്‍ അറിയിക്കുമ്പോള്‍, വ്യാജന്മാര്‍ ഏതെങ്കിലും ജനറല്‍ അക്കൗണ്ട് വഴിയാകും ഇമെയില്‍ അയക്കുക. ജോലി ഓഫര്‍ കത്തുകളുടെ ഘടനയിലും വലിയ വ്യത്യാസം ഉണ്ടാകും. ഗ്രാമര്‍, സ്‌പെല്ലിങ് തുടങ്ങിയ തെറ്റുകള്‍ക്ക് പുറമെ കമ്പനിയുടെ ഫോണ്‍നമ്പറോ, വിലാസമോ ഓഫര്‍ ലെറ്ററില്‍ കാണില്ല. കുറഞ്ഞ സമയം, കൂടുതല്‍ ശമ്പളം, വര്‍ക്ക് ഫ്രം ഹോം എന്നിവയാണ് ഇത്തരം കമ്പനികള്‍ മുന്നോട്ടുവെയ്ക്കുന്നത്. തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ 1930 നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള പോലീസ് സോഷ്യല്‍മീഡിയ വഴി അറിയിച്ചു. വലിയ ജാഗ്രത ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം തട്ടിപ്പുകളില്‍പെടാതിരിക്കാന്‍ സാധിക്കൂ.