സ്വകാര്യവാഹനങ്ങൾക്ക് 10 മിനിറ്റ് സൗജന്യം തുടരും


കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ വാഹനങ്ങൾക്കുളള പ്രവേശനം സൗജന്യമായി തുടരുമെന്ന് സിയാൽ അധികൃതർ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. ഡിസംബർ 1 മുതൽ ഫാസ്റ്റ് ടാഗ് വഴിയാണ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.  ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളെ താത്കാലികമായി കടത്തി വിടാൻ വേണ്ട സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എൻട്രി - എക്‌സിറ്റ് കവാടങ്ങളിൽ നിലവിൽ ഒരു വാഹനത്തിന് എടുക്കുന്ന സമയം ശരാശരി 2 മിനിറ്റാണ്. ഇത് 8 സെക്കൻഡ് ആയി കുറയും. തടസ്സങ്ങളില്ലാത്തതും വേഗത്തിലുള്ളതുമായ പാർക്കിംഗ് പ്രക്രിയ ഉറപ്പാക്കുന്ന രീതിയിലാണ് സ്മാർട്ട് പാർക്കിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാവിഗേഷൻ സംവിധാനം, പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 1 മുതൽ ടാക്‌സികൾക്ക് ചെറിയ ഫീസ് നൽകി വിമാനത്താവളത്തിനുള്ളിൽ പാർക്ക് ചെയ്യാനാകും. അതോടൊപ്പം, എല്ലാ ടാക്‌സികൾക്കും പ്രവേശന ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര - ആഭ്യന്തര ടെർമിനലുകൾക്ക് സമീപം 2800 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ സിയാലിനുണ്ട്. നെടുമ്പാശ്ശേരിയിലെ പാർക്കിംഗ് ഫീസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.