ചാവക്കാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ല


ചാവക്കാട് ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് രണ്ടായി തകര്‍ന്നുവെന്ന പ്രചരണം വ്യാജമാണെന്ന് ചാവക്കാട് എഎല്‍എ എന്‍.കെ അക്ബര്‍ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ച ജാഗ്രതാ നിര്‍ദേശപ്രകാരം ഉയര്‍ന്ന തിരമാല ഉള്ളതിനാല്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്നു. രാവിലെ വേലിയേറ്റം ഉണ്ടായതിന്റെ ഭാഗമായി തിരമാലകള്‍ ശക്തമായിരുന്നതിനാല്‍ അഴിച്ചുമാറ്റാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം അഴിച്ചുമാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു. ബീച്ചില്‍ വന്ന സഞ്ചാരികള്‍ക്ക് ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ പ്രവേശനമില്ല എന്നും അറിയിച്ചിരുന്നു. 


ഫ്ളോട്ടിങ് ബ്രിഡ്ജ് ഓരോ ഭാഗങ്ങളായാണ് അഴിച്ചുമാറ്റുക. ഇതറിയാതെ തെറ്റിദ്ധാരണ കൊണ്ട്മാത്രമാണ് പാലം പിളര്‍ന്നു എന്ന രീതിയില്‍ സന്ദേശം പ്രചരിപ്പിച്ചത്. ഫ്േളാട്ടിങ് ബ്രിഡ്ജ് സെന്റര്‍ പിന്നുകളാല്‍ ബന്ധിച്ചാണ് കടലില്‍ ഇട്ടിട്ടുള്ളത്. തിരമാല കൂടിയ സമയത്ത് ഇത്തരം സെന്റര്‍ പിന്നുകള്‍ അഴിച്ചു ഫ്‌ലോട്ടിങ് ബ്രിഡ്ജ് വ്യത്യസ്ത ഭാഗങ്ങളായി കരയിലേക്ക് കയറ്റിവെക്കാനും സാധിക്കും. നിലവില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് കരയില്‍ സുരക്ഷിതമായി കയറ്റിവെച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തിപ്പെടുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കാറില്ല. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പിന്‍വലിക്കുന്ന മുറയ്ക്ക് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് എംഎല്‍എ എന്‍.കെ അക്ബര്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.