ഭൂമി അണ്ടര്‍വാല്യുവേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ സന്ദേശം


ഭൂമി ആധാരത്തിന്റെ അണ്ടര്‍വാല്യുവേഷനുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകന്റെ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന സന്ദേശം വസ്തുതാവിരുദ്ധമാണെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് അറിയിച്ചു. 1986 മുതല്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ 17 ലക്ഷത്തോളം മാത്രമാണ്. അതില്‍തന്നെ കുടിശ്ശികയുളളത് രണ്ട് ലക്ഷത്തില്‍പരം കേസുകള്‍ മാത്രമാണ്. ബാക്കിയുളള കേസുകള്‍ തീര്‍പ്പാക്കി കഴിഞ്ഞു. അതിനാല്‍ 35 ലക്ഷത്തോളം പേര്‍ക്ക് നോട്ടീസ് അയച്ചു എന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. രജിസ്‌ട്രേഷന്‍ സമയത്ത് ആധാരത്തിന്റെ യഥാര്‍ത്ഥ മൂല്യം രേഖപ്പെടുത്തിയിട്ടില്ല എന്ന് രജിസ്റ്ററിംഗ് ഉദ്യോഗസ്ഥന് ബോധ്യമാകുന്ന പക്ഷം സ്വമേയാ അണ്ടര്‍ വാല്യുവേഷന്‍ നടപടിയെടുക്കാന്‍ അധികാരമുണ്ട്. ആധാരകക്ഷികള്‍ക്ക് പലതവണ നോട്ടീസ് നല്‍കി അവരുടെ വാദം കൂടി കേട്ടശേഷം പാസാക്കുന്ന ഉത്തരവുകള്‍ പ്രകാരം പണം അടയ്ക്കാത്ത കേസുകളില്‍ മാത്രമാണ് റവന്യു റിക്കവറി നടപടി സ്വീകരിക്കുക. ജില്ല റെജിസ്ട്രർ നിയമപരമായി ചെയ്യുന്ന ഈ നടപടിക്ക് നിലവിൽ സർക്കാരിൽ നിന്നും പ്രത്യേക ഉത്തരവുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല.  മേൽപറഞ്ഞ നടപടികൾ കേരള നിയമസഭ പാസാക്കിയ നിയമ നടപടികൾ ആണെന്നും രജിസ്‌ട്രേഷൻ വകുപ്പ് വ്യക്തമാക്കി.