സവാരി വരാത്ത ഓട്ടോക്ക് 7500 രൂപ പിഴയെന്നത് വ്യാജ പ്രചാരണം


കേരളത്തിലെവിടെയും സവാരി വരാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെയുള്ള പരാതികള്‍ അറിയിക്കാനായുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നമ്പര്‍ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. സവാരി വരാത്ത ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് 7500 രൂപ പിഴ ഉണ്ടാകും എന്നതാണ് പ്രചരിക്കുന്ന വ്യാജ സന്ദേശം. മോട്ടോര്‍ വാഹന വകുപ്പ് പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു നമ്പര്‍ ഇറക്കിയിട്ടില്ലെന്ന് എംവിഡി ഫെയ്‌സ്ബുക്ക് പേജ് വഴി അറിയിച്ചു. സ്റ്റാന്റില്‍ കിടക്കുന്ന ഓട്ടോറിക്ഷ സവാരി പോകുന്നില്ലെങ്കില്‍ അറിയിക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പിനെത്തന്നെയാണ്. എല്ലാ ജില്ലയിലും എന്‍ഫോഴ്‌സ്‌മെന്റ്‌റ് ആര്‍ടി ഓഫിസുകള്‍ ഉണ്ട്. താലൂക്കുകളില്‍ സബ് ആര്‍ടി ഓഫീസുകളും ഉണ്ട്. അതത് താലൂക്കിലോ ജില്ലയിലോ തന്നെ പരാതികള്‍ നല്‍കാവുന്നതാണ്. മോട്ടോര്‍ വാഹന വകുപ്പിലെ എല്ലാ ഓഫിസുകളുടെയും വിലാസവും മൊബൈല്‍ നമ്പറുകളും mvd.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.