നിപ : പ്രതിരോധം പ്രധാനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്

സംസ്ഥാനത്ത് നിപ വൈറസ് മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയാൽ നിപ വൈറസിനെ തുരത്താൻ സാധിക്കും. വവ്വാലുകളിൽ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാൽ കടിച്ച പഴങ്ങൾ, വവ്വാലുകളിൽ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങൾ തുടങ്ങിയവ) ആണ് നിപ വൈറസ് മനുഷ്യരിൽ എത്തുക. വൈറസ് ബാധിച്ച ആൾക്ക് രോഗലക്ഷങ്ങൾ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പർക്കത്തിലൂടെ രോഗം പകർത്താൻ കഴിയും. നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നിൽക്കുന്നവരിലേക്ക് പകരില്ല, ലക്ഷണമുള്ളവരുമായി അടുത്ത സമ്പർക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു. രോഗിയുമായി അടുത്ത് സമ്പർക്കത്തിൽ വരേണ്ടി വന്നാലും എൻ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.


പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ഉള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്. അവരുമായി സമ്പർക്കത്തിലേർപ്പെടുന്നവർ എൻ 95 മാസ്‌ക് ധരിക്കുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണിൽ ബന്ധപ്പെടും. എന്തെങ്കിലും രോഗലക്ഷങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥർ നിർദേശിക്കുന്ന മാർഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗൺസിലിങ് സൗകര്യം ഏർപ്പെടുത്തും. അവസാന രോഗിയെ കണ്ടെത്തി ഏതാണ്ട് ഒരു മാസക്കാലത്തേക്ക് പുതിയ രോഗികൾ ഇല്ലാതെയാകുന്നു എങ്കിൽ മാത്രമേ നിപ നിയന്ത്രണ വിധേയമായി എന്ന് കരുതാൻ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ നീണ്ടുനിൽക്കുന്ന ജാഗ്രത ആവശ്യമാണ്. അതേസമയം കോവിഡ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടർന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ ഭയപ്പെടേണ്ടതില്ല. 


പൊതുജനങ്ങൾ ഈ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ


മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നന്നായി കഴുകുക. അല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക. സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക. രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങൾ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക. കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല. വവ്വാലുകൾ വളർത്തുക, അവയുടെ മാംസം ഭക്ഷിക്കുക, അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യരുത്. വവ്വാൽ കടിച്ചതായി സംശയിക്കുന്ന പഴങ്ങൾ, അവയുടെ വിസർജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിൽ വന്നാൽ കൈകൾ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.


പ്രതിരോധമാണ് പ്രധാനം. ഭയപ്പെടാതെ ജാഗ്രതയോടെ നിപ വൈറസിനെ നേരിടാം. നിപ വൈറസുമായി ബന്ധപ്പെട്ട് ഒരിക്കലും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സംവിധാനത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കുക.