ശ്രദ്ധിക്കുക, വിളിക്കുന്നത് സൈനികരല്ല



സൈനികരുടെ പേരില്‍ വീട് വാടകയ്ക്ക് നല്‍കാനുണ്ടെന്ന പേരില്‍ വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് കേരള പൊലീസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാവുകയാണ്. പരസ്യങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. വീട് വാടകയ്ക്ക്, വാഹനങ്ങള്‍ വില്‍ക്കാനുണ്ട് എന്നിങ്ങനെയുളള പരസ്യങ്ങള്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയാണ് ബന്ധപ്പെടുന്നത്.   അഡ്വാന്‍സ് ഉറപ്പിച്ചശേഷം പണം അയക്കാന്‍ ഒരു ഗൂഗിള്‍ ലിങ്ക് അയച്ചു തരും. ഇതില്‍ ക്ലിക്ക് ചെയ്ത് അഡ്വാന്‍സ് തുക ഉടമ തന്നെ ടൈപ്പ് ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. അടിക്കുന്ന തുക സ്വന്തം അക്കൗണ്ടില്‍ നിന്ന് നഷ്ടമാകും. ഇടപാട് പൂര്‍ത്തിയായില്ലെന്ന് തെറ്റിദ്ധരിപ്പിച്ച്  ഇത് ആവര്‍ത്തിക്കും. ഇക്കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കുക. ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടമായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ പരാതിപ്പെടാം.