KSRTC അമിത ബസ് ചാര്‍ജ് ഈടാക്കുന്നില്ല
2022 മെയ് മാസത്തിലാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്. ഇതു പ്രകാരം മുഴുവന്‍ റൂട്ടുകളിലെയും നിരക്കുകള്‍ കെഎസ്ആര്‍ടിസിയും വര്‍ദ്ധിപ്പിച്ചിരുന്നു. എല്ലാ മത, മതേതര വ്യത്യാസമില്ലാതെ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകള്‍ക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്പെഷ്യല്‍ സര്‍വീസ് ബസ്സുകളില്‍ 30% അധിക നിരക്ക് അനുവദിച്ചിട്ടുണ്ട്. ഈ ഷെഡ്യൂള്‍ കാലയളവില്‍ മാത്രമാണ് നിരക്ക് വര്‍ദ്ധനവ് നടപ്പാക്കുന്നത്.
ശബരിമല, ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാള്‍, മഞ്ഞണിക്കര പള്ളി പെരുന്നാള്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍, തൃശൂര്‍ പൂരം, ഗുരുവായൂര്‍ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങള്‍ക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സര്‍വ്വീസ് നടത്തുന്നുണ്ട്. ആലപ്പുഴയിലെ പ്രശസ്തമായ നെഹ്റു ട്രോഫി വളളംകളിയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി നടത്തുന്ന ഫെയര്‍/ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ സര്‍വീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. പൊതു ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ സര്‍വ്വീസിലും 30 ശതമാനം ചാര്‍ജ്ജ് വര്‍ദ്ധനവ് നിലവിലുണ്ടെന്നര്‍ത്ഥം.
നിലക്കല്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മുതല്‍ പമ്പ ത്രിവേണി വരെ 22.1 കിലോമീറ്ററാണുള്ളത്. ആദ്യത്തെ
രണ്ടരകിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാര്‍ജ്ജ് ഈടാക്കുന്നത്. നിലക്കല്‍ മുതല്‍ പമ്പ വരെ ഒമ്പത് ഫെയര്‍ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയര്‍ സ്റ്റേജുകള്‍ക്ക് കിലോമീറ്ററിന് ഒരു രൂപയാണ് കെഎസ്ആര്‍ടിസി ഈടാക്കാറുള്ളത്. ഒമ്പത് ഫെയര്‍ സ്റ്റേജുകള്‍ക്ക് ആകെ വരുന്ന 22 .1 കിലോമീറ്ററില്‍ നിന്ന് മിനിമം ചാര്‍ജ്ജ് ഈടാക്കുന്ന ആദ്യത്തെ രണ്ടര കിലോമീറ്റര്‍ ദൂരം കുറച്ചുള്ള (22.1 - 2.5 = 19.6 ) ദൂരത്തിനാണ് കിലോമീറ്ററിന് ഒരു രൂപ എന്ന നിരക്കില്‍ ( 19.6 x 1.0 = 19.6 രൂപ) ചാര്‍ജ്ജ് ഈടാക്കുന്നത്. ഇതടക്കം 29.6 അതായത് 30 രൂപയാണ് വരുന്നത്. ഈ മേഖല പൂര്‍ണ്ണമായും ഗാട്ട് ഏരിയയില്‍ വരുന്നതിനാല്‍ നോര്‍മല്‍ ചാര്‍ജായ 30 രൂപയുടെ 25 ശതമാനം ഗാട്ട് റോഡ് ഫെയര്‍ ചാര്‍ജ്ജ് (G.O 37/2020) ആയി ഈടാക്കുന്നുണ്ട്. അതായത് 7.5 രൂപ. രൂപ (മിനിമം ചാര്‍ജ്ജ്) + 30 (ഫെയര്‍ ചാര്‍ജ്ജ്) + 7.5 രൂപ (ഗാട്ട് റോഡ് ഫെയര്‍ ചാര്‍ജ്ജ് ) = 37.5 രൂപ നിയമപ്രകാരം റൗണ്ട് ചെയ്ത് 38 രൂപയാണ ആകെ ഫെയര്‍. ഈ തുകയുടെ 30 ശതമാനം തുകയാണ് ഫെസ്റ്റിവല്‍ ഫെയര്‍ ആയി ഈടാക്കുന്നത്. അതായത് 38 x 30 % = Rs 11.40 ഇത് കൂടി ചേര്‍ത്താല്‍ ആകെ ഫെയര്‍ 49.4 ലോഫ്ലോര്‍ നോണ്‍ എ.സി ബസ്സിന്റെ റൗണ്ടിംഗ് നിയമം ഇനം B& F പ്രകാരം ടിക്കറ്റ് ചാര്‍ജ് 50 രൂപയും കൂടാതെ സെസ് ഇനത്തില്‍ 3 രൂപയും ചേര്‍ത്ത് 53 രൂപയാണ് യഥാര്‍ത്ഥത്തില്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ നിരക്കില്‍ നിന്ന് 3 രൂപയോളം കുറച്ചു കൊണ്ടാണ് 50 രൂപ നിരക്കില്‍ കെഎസ്ആര്‍ടിസി നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. ഇത്തരത്തില്‍ 102 രൂപ ഫെയര്‍ വാങ്ങാവുന്ന സ്ഥാനത്ത് 80 രൂപ മാത്രമാണ് AC ബസ്സുകള്‍ക്ക് നിലക്കല്‍ പമ്പ സെക്ടറില്‍ ഡിസ്‌കൗണ്ട് നല്‍കി ഈടാക്കി വരുന്നതെന്ന് കെഎസ്ആര്‍ടിസി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.