ജാഗ്രത! വാഹന പിഴയുടെ പേരില്‍ 'പരിവാഹന്‍' തട്ടിപ്പ് വീണ്ടും; ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്
വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ട് 'പരിവാഹൻ' എന്ന പേരിൽ പുതിയ രീതിയിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി സൈബർ പോലീസ് മുന്നറിയിപ്പ് നൽകുന്നു. ട്രാഫിക് നിയമലംഘനത്തിന് പിഴ ഈടാക്കിയിട്ടുണ്ടെന്ന വ്യാജ സന്ദേശത്തിലൂടെയാണ് തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നത്.
നിങ്ങളുടെ വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് മൊബൈലിലേക്ക് ഒരു SMS വരുന്നു. ഈ സന്ദേശത്തോടൊപ്പം പിഴ അടയ്ക്കാനെന്ന വ്യാജേന ഒരു വെബ്സൈറ്റ് ലിങ്കും ഉണ്ടാകും. കാണുമ്പോൾ ഔദ്യോഗിക സൈറ്റാണെന്ന് തോന്നുമെങ്കിലും ഇത് തട്ടിപ്പുകാർ നിർമ്മിച്ച വ്യാജ ലിങ്കായിരിക്കും.
ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ക്രെഡിറ്റ് കാർഡ് വഴി മാത്രം പണം അടയ്ക്കാൻ ആവശ്യപ്പെടുന്ന പേജിലേക്കാണ് പ്രവേശിക്കുന്നത്. അവിടെ കാർഡ് നമ്പറും ഡീറ്റെയിൽസും നൽകുന്നതോടെ നിങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. വിവരങ്ങൾ നൽകി കഴിഞ്ഞാൽ ഉടൻ തന്നെ കാർഡിലെ ക്രെഡിറ്റ് തുകയോ ബാങ്ക് ബാലൻസോ പൂർണ്ണമായും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.
ട്രാഫിക് പിഴകൾ പരിശോധിക്കാനും അടയ്ക്കാനും കേന്ദ്ര ഗതാഗത വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://echallan.parivahan.gov.in/ നേരിട്ട് സന്ദർശിക്കുകയോ mParivahan ആപ്പ് ഉപയോഗിക്കുകയോ ചെയ്യുക. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ തന്നെ വിവരം അധികൃതരെ അറിയിക്കുക, ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ വിളിക്കുക. https://cybercrime.gov.in/ പരാതി രജിസ്റ്റർ ചെയ്യുക.













