പട്ടികവർഗ ഗവേഷക ഫെലോഷിപ്പ് തുക അനുവദിച്ചു; വ്യാജ പ്രചാരണങ്ങൾ തള്ളി സർക്കാർ


പട്ടികവർഗ ഗവേഷക വിദ്യാർഥികളുടെ ഫെലോഷിപ്പ് തുക കുടിശ്ശികയായി കിടക്കുകയാണെന്നും പരാതിപ്പെട്ടിട്ടും പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി തിരിഞ്ഞുനോക്കിയില്ല എന്നും ധനവകുപ്പ് തുക അനുവദിക്കുന്നില്ല എന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പട്ടികജാതി - പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ ഓഫീസ് അറിയിച്ചു.


പട്ടികവർഗ (എസ്.ടി.) വിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർഥികളുടെ ഫെലോഷിപ്പ് കുടിശ്ശിക തീർപ്പാക്കുന്നതിനായി ധനകാര്യ വകുപ്പ് അഡീഷണൽ ആതറൈസേഷനിലൂടെ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട് (ഉത്തരവ് നമ്പർ: G.O.(Rt)No.6307/2026/Fin, തീയതി: 06.08.2026).


ഗവേഷക വിദ്യാർഥികൾക്കായുള്ള ഫെലോഷിപ്പിന്റെ 2025 ഡിസംബർ വരെയുള്ള കുടിശ്ശിക (6.3 കോടി രൂപ ബജറ്റ് വിഹിതത്തിൽ നിന്ന്) മുൻപ് തന്നെ കൊടുത്തു തീർത്തിരുന്നു. വീണ്ടും കുടിശ്ശിക നിലനിൽക്കുന്നു എന്ന പരാതി ലഭിച്ചയുടൻ തന്നെ 2026 ജൂൺ 16 വരെയുള്ള കുടിശ്ശിക മുഴുവനായി തീർക്കാൻ മന്ത്രി ഇടപെടുകയും സ്കോളർഷിപ്പ്/സ്റ്റൈപ്പൻഡ് ഹെഡിൽ 10 കോടി രൂപയുടെ അഡീഷണൽ ആതറൈസേഷൻ ഉറപ്പാക്കുകയും ചെയ്തു.


ആഗസ്ത് 6-ലെ ധനവകുപ്പ് ഉത്തരവിനെ തുടർന്ന് ഈ 10 കോടി രൂപ ഉപയോഗിച്ച് 16.06.2026 വരെയുള്ള എല്ലാ അവശേഷിക്കുന്ന ക്ലെയിമുകളും ഫെലോഷിപ്പുകളും പൂർണ്ണമായി വിതരണം ചെയ്യാനുള്ള സമയബന്ധിത നടപടികൾ പുരോഗമിക്കുന്നു.


ഈ വർഷം ഇതുവരെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് 16.3 കോടി രൂപ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനത്തിൽ അനുവദിച്ചിട്ടുണ്ട്.


 2025-26 ലെ വിദ്യാ വാഹിനി പദ്ധതിയുടെ കുടിശ്ശികയിനത്തിലെ 2.36 കോടി രൂപയും സർക്കാർ ലഭ്യമാക്കി.


പട്ടികജാതി വിഭാഗങ്ങളുടെ മുഴുവൻ കുടിശ്ശികയും പൂർണ്ണമായി തീർത്തു. പിന്നാക്ക വിഭാഗങ്ങൾക്കായി കുടിശ്ശിക തീർക്കാൻ ഇതുവരെ 180 കോടി രൂപ ചെലവഴിച്ചു. അവശേഷിക്കുന്ന 30 കോടി രൂപ ഒക്ടോബറിന് മുമ്പ് വിതരണം ചെയ്യും.


പട്ടികവർഗ ഗവേഷക വിദ്യാർത്ഥികളുടെ അക്കാദമിക പുരോഗതിക്കും ക്ഷേമത്തിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ധനവകുപ്പ് തുക അനുവദിക്കുന്നില്ലെന്നതും വകുപ്പ് മന്ത്രി തിരിഞ്ഞുനോക്കിയില്ല എന്നുമുള്ള പ്രചാരണങ്ങൾ തികച്ചും വ്യാജമാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലാതെ വരുന്ന ഇത്തരം വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും പൊതുജനങ്ങൾ വിശ്വസിക്കരുത്.