മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ ഔദ്യോഗിക ടോൾ ഫ്രീ നമ്പർ 1076; മറിച്ചുള്ള പ്രചരണങ്ങൾ വ്യാജം


സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റേതെന്ന പേരിൽ വിവിധ ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. പരാതികൾ സമർപ്പിക്കാൻ ഈ നമ്പറുകളിൽ ബന്ധപ്പെടാനാണ് സന്ദേശങ്ങളിലെ ആഹ്വാനം.

പ്രചരിക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണ്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിലേക്ക് വിളിക്കാനുള്ള ഒരേയൊരു ഔദ്യോഗിക ടോൾ ഫ്രീ നമ്പർ 1076 ആണ്. ഈ നമ്പർ വഴി മാത്രമേ പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലുമായി ബന്ധപ്പെടാൻ സാധിക്കൂ.



ഇക്കാര്യം മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ 1076 അല്ലാത്ത നമ്പറുകൾ നൽകി നടക്കുന്ന പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അത്തരം വ്യാജ നമ്പറുകളിൽ വിളിച്ച് ജനങ്ങൾ വഞ്ചിതരാകരുതെന്നും പരാതി പരിഹാര സെൽ അറിയിച്ചു.



സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഇത്തരം സന്ദേശങ്ങൾ കണ്ടാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തുകയും അത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാതിരിക്കുകയും ചെയ്യുക.