ഷിപ്പ്ബിൽഡിംഗ് മേഖലയിലെ 10,000 കോടിയുടെ നിക്ഷേപം; പ്രചരിക്കുന്ന വാർത്തകളിലെ വസ്തുതയെന്ത്?


കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനവുമായി സർക്കാർ 10,000 കോടി രൂപയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചതായി മുഖ്യമന്ത്രിയുടെ അഭിമുഖത്തെ അടിസ്ഥാനമാക്കി സോഷ്യൽമീഡിയയിലടക്കം പ്രചരിക്കുന്ന വാർത്തകൾ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. 


മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചത് 'മിഷൻ സമുദ്ര' പദ്ധതിയിലൂടെ വരും വർഷങ്ങളിൽ കപ്പൽ നിർമ്മാണ-സമുദ്ര വ്യവസായ മേഖലയിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണ്. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഒറ്റ കരാർ ഒപ്പിട്ടു എന്നല്ല.


'മിഷൻ സമുദ്ര' കേവലം ഒരു കപ്പൽ നിർമ്മാണ യൂണിറ്റിൽ ഒതുങ്ങുന്നതല്ല. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ, കൊച്ചിൻ ഷിപ്പ്യാർഡ് എന്നിവയെ പ്രയോജനപ്പെടുത്തി കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, മാരിടൈം സേവനങ്ങൾ, ലോജിസ്റ്റിക്സ് തുടങ്ങി അനുബന്ധ വ്യവസായങ്ങളെ ഏകോപിപ്പിച്ചുള്ള സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വിവിധ പദ്ധതികളിലൂടെയാണ് 10,000 കോടിയോളം രൂപയുടെ ആകെ നിക്ഷേപം പ്രതീക്ഷിക്കുന്നത്.


ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി മലബാർ സിമന്റ്സ് ലിമിറ്റഡും, ആർട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും (ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പ്) ചേർന്നുള്ള സംയുക്ത സംരംഭത്തിന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന് ആവശ്യമായ ഭൂമി കൊച്ചിൻ പോർട്ട് അതോറിറ്റി ലഭ്യമാക്കുകയും പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.


രാജ്യത്തിനകത്തും വിദേശത്തുമുള്ള മറ്റ് പ്രമുഖ നിക്ഷേപകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലാകുന്ന മുറയ്ക്ക് ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തും.


മുഖ്യമന്ത്രി പരാമർശിച്ച മൊത്തം നിക്ഷേപ സാധ്യതയെ, ഒരു നിശ്ചിത കമ്പനിയുമായുള്ള കരാറായി തെറ്റായി വ്യാഖ്യാനിച്ചാണ് വാർത്തകൾ പ്രചരിക്കുന്നത്. കേരളത്തെ സമഗ്ര കപ്പൽ നിർമ്മാണ ഇക്കോസിസ്റ്റമായി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 'മിഷൻ സമുദ്ര' പദ്ധതിയുടെ ആകെ വ്യാപ്തിയാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്ന്  മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോ​ഗികമായി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.